ക്യാപ്റ്റന്‍സിയാണ് അവന് ടീം ഇന്ത്യയിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്, വിലയിരുത്തി ശാസ്ത്രി

ഐപിഎല്ലില്‍ ക്യാപ്റ്റനാക്കിയത് പഞ്ചാബ് കിംഗ്‌സ് നായകന്‍ മായങ്ക് അഗര്‍വാളിന് തിരിച്ചടിയായെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രി. ബാറ്റിങ്ങിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ടി മായങ്ക് ക്യാപ്റ്റന്‍സി ഒഴിയണം എന്നാണ് രവിശാസ്ത്രി പറഞ്ഞത്.

ക്യാപ്റ്റന്‍സി അഗര്‍വാളിന്റെ ബാറ്റിംഗിനെ ബാധിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനം നഷ്ടമാകാന്‍ കാരണമായേക്കും എന്നും ശാസ്ത്രി ചൂണ്ടിക്കാണിച്ചു. രവീന്ദ്ര ജഡേജയുടെ അനുഭവം കൂടി ഓര്‍മിപ്പിച്ചാണ് ശാസ്ത്രി ഇത്തരത്തില്‍ വിലയിരുത്തുന്നത്.

‘മായങ്ക് അഗര്‍വാളും രവീന്ദ്ര ജഡേജയും ഒരേ കപ്പലില്‍ സഞ്ചരിക്കുന്നവരാണ്. ഇത് മായങ്കിനോടുള്ള ബഹുമാനക്കുറവ് അല്ല. എനിക്ക് അവനെ ഇഷ്ടമാണ്. അവന്‍ എങ്ങനെയാണ് ക്രിക്കറ്റ് കളിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം. അവന്‍ കഠിനാധ്വാനിയാണ്. പക്ഷേ പക്ഷേ മികച്ച ഒരാളെ തെറ്റായ സ്ഥലത്ത് നിയമിക്കുന്നത് ശരിയല്ല. അത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കും’ ശാസ്ത്രി പറഞ്ഞു.

‘അവന് ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനം നഷ്ടമാകും. അതില്‍ അത്ഭുതമില്ല. കാരണം സെലക്ടര്‍മാര്‍ എപ്പോഴും നിലവിലെ ഫോം ആണ് നോക്കുക. അവര്‍ കാണുന്നതിലൂടെ ആയിരിക്കും അവര്‍ ഒരാളെ ജഡ്ജ് ചെയ്യുക. ഇതെന്നെ വേദനിപ്പിക്കുന്നുണ്ട്, കാരണം അവന്‍ മികച്ച കളിക്കാരന്‍ ആണെന്ന് എനിക്കറിയാം. തീര്‍ച്ചയായും ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അയാളുടെ മനസ്സിനെ ബാധിക്കും. ജഡേജ വ്യത്യസ്തമായ ഒരു ക്രിക്കറ്റര്‍ ആയി മാറിയത് നമ്മള്‍ കണ്ടതാണ്’ ശാസ്ത്രി വിലയിരുത്തുന്നു.

‘ഇപ്പോള്‍ മായങ്കും അതുപോലെ മാറിയിരിക്കുന്നു. ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ ഭാവിയില്‍ ഫ്രാഞ്ചൈസികള്‍ക്കുള്ള ശക്തമായ മെസ്സേജ് ആണിത്. മായങ്ക് പോലുള്ള കളിക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ അത് എങ്ങനെ ബാധിക്കും എന്ന് നമുക്ക് കാണാം’- രവി ശാസ്ത്രി പറഞ്ഞു.

You Might Also Like