റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് റാഷ്‌ഫോഡ്, പ്രശംസയുമായി എറിക് ടെൻ ഹാഗ്

യുവേഫ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ ബെറ്റിസിനെതിരെ മികച്ച വിജയം നേടി ക്വാർട്ടർ ഫൈനലിൽ കടന്നു. ആദ്യപാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം നേടിയാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്.

രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരേയൊരു ഗോൾ നേടിയത് മാർക്കസ് റാഷ്‌ഫോഡ് ആയിരുന്നു. ഇതോടെ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടിയ യൂറോപ്യൻ ഗോളുകളുടെ റെക്കോർഡ് താരം മറികടന്നു. റൊണാൾഡോക്ക് ഇരുപത്തിനാലു യൂറോപ്യൻ ഗോളുകളുള്ളപ്പോൾ റാഷ്‌ഫോഡിന് ഒരെണ്ണം കൂടുതലാണ്.

ലോകകപ്പിന് ശേഷം തകർപ്പൻ ഫോമിലാണ് റാഷ്‌ഫോഡ് കളിക്കുന്നത്. ലോകകപ്പ് കഴിഞ്ഞെത്തിയതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇരുപത്തിനാല് മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ താരം നേടി. റൊണാൾഡോ ടീം വിട്ടതിനു ശേഷം കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന താരം അതിന്റെ മികവ് കളിക്കളത്തിൽ കാണിക്കുന്നുണ്ട്.

മത്സരത്തിന് ശേഷം റാഷ്‌ഫോഡിന്റെയും ടീമിന്റെയും പ്രകടനത്തെ പരിശീലകൻ പ്രശംസിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുപാട് അവസരങ്ങൾ ഉണ്ടാക്കുന്നത് നല്ല കാര്യമാണെന്നും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചാൽ അതിനനുസരിച്ച് ഗോളുകൾ വരുമെന്നുമാണ് അദ്ദേഹം പറയുന്നത്. റാഷ്‌ഫോഡിന്റെ മികവ് ഗോളുകൾ കൊണ്ട് താരം തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിൽ വിജയം നേടി ക്വാർട്ടർ ഫൈനലിൽ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് കിരീടം നേടാമെന്ന പ്രതീക്ഷയുണ്ട്. സ്പോർട്ടിങ്ങിനോട് തോറ്റ് ആഴ്‌സണൽ പുറത്തായത് അതിനുള്ള സാധ്യത വർധിപ്പിക്കുന്നു. റോമ, യുവന്റസ് തുടങ്ങിയ ടീമുകളെ നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വെല്ലുവിളിയാകാൻ സാധ്യതയുള്ളൂ.

You Might Also Like