സല്യൂട്ട് ശ്രേയസ് ഗോപാല്‍, ഒറ്റയാള്‍ പോരാട്ടം, കേരളം ഒടുവില്‍ പുറത്ത്

രഞ്ജി ട്രോഫിയില്‍ കേരളം 227 റണ്‍സിന് പുറത്ത്. സെഞ്ച്വറിയുമായി ശ്രേയസ് ഗോപാല്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തെ പിടിച്ച് നില്‍ക്കാവുന്ന സ്‌കോറിലെത്തിച്ചത്. പത്താമനായി പുറത്തായ ശ്രേയസ് ഗോപാല്‍ 229 പന്തില്‍ 21 ഫോറും ഒരു സിക്‌സും സഹിതം 137 റണ്‍സാണ് നേടിയത്.
മറ്റെല്ലാ കേരള താരങ്ങളും ചേര്‍ന്ന് വെറും 90 റണ്‍സ് മാത്രമെടുത്തപ്പോഴാണ് ശ്രേയസ് ഗോപാളിന്റെ ഈ ഒറ്റയാള്‍ പോരാട്ടം. ഒന്‍പതിന് 207 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ കേരളത്തിനായി ഒരറ്റത്ത് അഖിനെ കൂട്ടുപിടിച്ച് ശ്രേയസ് ഗോപാല്‍ നിര്‍ണ്ണായകമായ 20 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തിച്ചു.
30കാരനായ ശ്രയേസ് ഗോപാലിന്റെ ആറാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. 37 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും 22 റണ്‍സെടുത്ത ജലജ് സക്‌സേനയുമാണ് കേരള നിരയില്‍ പിടിച്ച് നിന്ന മറ്റ് രണ്ട് പേര്‍.
കേരള ക്യാപ്റ്റന്‍ സഞ്ജു വിട്ടുനിന്ന മത്സരത്തില്‍ രോഹണ്‍ കുന്നുമ്മലാണ് കേരളത്തെ നയിക്കുന്നത്. അനന്ദ് കൃഷ്ണന്‍ (9), രോഹണ്‍ കുന്നുമ്മല്‍ (5), സച്ചിന്‍ ബേബി (1), വിഷ്ണു വിനോദ് (0), വിഷ്ണു രാജ് (1), ബേസില്‍ നമ്പി (0), നിതീഷ് എംഡി (0) എന്നിങ്ങനെയാണ് മറ്റ് കേരള താരങ്ങളുടെ പ്രകടനം.