കേരളത്തെ കണ്ണീര് കുടിപ്പിച്ച് ഹൂഡ, രാജസ്ഥാന്‍ മേധാവിത്വം

കേരളത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സിലും സെഞ്ച്വറി നേടി ദീപക് ഹൂഡ തിളങ്ങിയപ്പോള്‍ രാജസ്ഥാന് വ്യക്തമായ മുന്‍ തൂക്കം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് എന്ന നിലയിലാണ് ഹൂഡ. ഇതോടെ അഞ്ച് വിക്കറ്റ് അവശേഷിക്കെ രാജസ്ഥാന്റെ ലീഡ് 309 റണ്‍സായി ഉയര്‍ന്നു.

കേരള ബൗളര്‍മാര്‍ക്ക് ഒരു പ്രതീക്ഷയും നല്‍കാതെ അഭിജീത് തോമര്‍ 68 റണ്‍സ് നേടി പുറത്തായപ്പോള്‍ 106 റണ്‍സാണ് ദീപക് ഹൂഡയുടെ സംഭാവന. 122 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 106 റണ്‍സാണ് ഹൂഡ ഇതുവരെ നേടിയിട്ടുളളത്. ഹൂഡയ്‌കൊപ്പം 78 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സുമായി റാത്തോര്‍ ആണ് ക്രീസില്‍.

കേരളത്തിനായി ജലജ് സക്‌സേന 79 റണ്‍സ് വഴങ്ങി മൂന്ന് വി്ക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പിയും സിജുമോന്‍ ജോസഫും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ രാജസ്ഥാന്‍ 337 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ കേരളം 306 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ 31 റണ്‍സിന്റെ ലീഡാണ് കേരളം വഴങ്ങിയത്. കേരളത്തിനായി സച്ചിന്‍ ബേബി സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

You Might Also Like