രഞ്ജിയിലെ തോല്‍വി, കേരളത്തിന് പോയന്റ് പട്ടികയില്‍ തിരിച്ചടി, തിരിച്ചവരാന്‍ അഗ്നിപരീക്ഷ അതിജയിക്കണം

രഞ്ജി ട്രോഫിയില്‍ ഗോവയ്‌ക്കെതിരെയുളള തോല്‍വി കേരളത്തിന് ഏല്‍പ്പിച്ചത് വന്‍ തിരിച്ചടി. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഗോവയോട് തോറ്റമ്പിയതോടെ മൂന്നാം സ്ഥാനത്തേയ്ക്കാണ് വീണത്.

എലൈറ്റ് സി ഗ്രൂപ്പില്‍ 19 പോയിന്റുമായി കര്‍ണ്ണാടകയാണ് ഒന്നാം സ്ഥാനത്ത്. രാജസ്ഥാന്‍ 14 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. കേരളത്തിന് 13 പോയന്റാണ് ഉളളത്. അതേ സമയം ജയത്തോടെ ഗോവ 11 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

സര്‍വീസസ്, കര്‍ണ്ണാടക, പുതുച്ചേരി എന്നിവരോട് യഥാക്രമം ജനുവരി 10, 17, 24 എന്നീ തീയ്യതികളിലാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍. ഇതില്‍ കര്‍ണ്ണാടകയും സര്‍വീസസും കരുത്തരാണ്. ഇവരെ അതിജയിക്കാനായാലേ രഞ്ജിയില്‍ കേരളത്തിന് മുന്നോട്ട് പോകാനാകു.

ടൂര്‍ണമെന്റിലെ ആദ്യ തോല്‍വിയാണ് കേരളം ഗോവയോട് നേരിട്ടത്. ഏഴ് വിക്കറ്റിനായിരുന്നു പരാജയം. കേരളം ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം ഗോവ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ ഇഷാന്‍ ഗഡേക്കര്‍ രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ അര്‍ധ സെഞ്ച്വറി നേടി. 136 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 67 റണ്‍സാണ് ഇഷാന്‍ നേടിയത്. ലാഡ് 50 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 33 റണ്‍സും നേടി.

സഞ്ജു സാംസണിന്റെ അസാന്നിദ്ധ്യവും ജലജ് സക്‌സേന ഒഴികെയുളള ബൗളര്‍മാരുടെ മോശം പ്രകടനമാണ് കേരളത്തിന്് തിരിച്ചടിയാകുന്നത്. ബേസില്‍ തമ്പിയെ പോലൊരു സീനിയര്‍ പേസര്‍ ഫോം നഷ്ടപ്പെട്ടതും കേരളത്തിന് വലിയ തലവേദനയാണ്.

You Might Also Like