ഫിഫ്റ്റിയില്‍ നിന്ന് സെഞ്ച്വറിയിലെത്താന്‍ വെറും ആറ് മിനിറ്റ്, വില്‍ ജാക്‌സിന്റെ അടി കണ്ട് ഞെട്ടിപ്പോയി കോഹ്ലി

Image 3
CricketCricket News

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആര്‍സിബി ജയിച്ച രീതി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഗുജറാത്ത് ഉയര്‍ത്തിയ 201 റണ്‍സിന്റെ വലിയ വിജയലക്ഷ്യം വെറും 16 ഓവറിലാണ് ആര്‍സിബി മറികടന്നത്. മത്സരത്തില്‍ വിരാട് കോഹ്ലി ഒരു വശത്ത് ക്രീസില്‍ നിന്നപ്പോഴും ഞെട്ടിച്ചത് മൂന്നാം നമ്പറിലിറങ്ങി സെഞ്ച്വറി നേടിയ വില്‍ ജാക്‌സായിരുന്നു.

തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പതറിയ വില്‍ ജാക്‌സ് റണ്ണടിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ആര്‍സിബിയുടെ സ്‌കോറിംഗ് താഴാതെ നോക്കിയത് കോഹ്ലിയായിരുന്നു. മത്സരത്തില്‍ കോഹ്ലി 50 തികക്കുമ്പോള്‍ ആദ്യ 16 പന്തില്‍ 16 റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്. നൂര്‍ അഹമ്മദിനെതിരെ നേടിയ ഒരേയൊരു ബൗണ്ടറിയായിരുന്നു അപ്പോള്‍ ജാക്‌സിന്റെ അക്കൗണ്ടിലുണ്ടായിരുന്നുള്ളു.

പതിനൊന്നാം ഓവറില്‍ മോഹിത് ശര്‍മ പന്തെറിയാനെത്തിയതോടെയാണ് വില്‍ ജാക്‌സ് ടോപ് ഗിയറിലായത്. മോഹിത്തിനിതിരെ സിക്‌സും ഫോറും പറത്തിയ വില്‍ ജാക്‌സ് 12-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നേടിയത് 22 പന്തില്‍ 29 റണ്‍സ്. 13ാം ഓവറില്‍ സായ് കിഷോറിനെ സിക്‌സിന് പറത്തിയ ജാക്‌സ് പതിനാലാം ഓവറില്‍ നൂര്‍ അഹമ്മദിനെ സിക്‌സിനും ഫോറിനും പറത്തി അര്‍ധസെഞ്ച്വറിക്ക് അരികിലെത്തി. ഈ സമയം ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറോവറില്‍ 52 റണ്‍സായിരുന്നു.

പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ മോഹിത് ശര്‍മയുടെ ആദ്യ പന്ത് ബൗണ്ടറിയും അടുത്ത പന്ത് സിക്‌സും പറത്തിയ വില്‍ ജാക്‌സ് 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. തീര്‍ന്നില്ല വെടിക്കെട്ടിന് മുമ്പുള്ള സാംപിള്‍ മാത്രമായിരുന്നു അത്. നോ ബോളായ അടുത്ത പന്തും സിക്‌സിന് പറത്തിയ ജാക്‌സ് നാലാം പന്തില്‍ വീണ്ടും സിക്‌സും അഞ്ചാം പന്തില്‍ ബൗണ്ടറിയും നേടി. ഇതോടെ 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ജാക്‌സ് മോഹിത്തിന്റെ ഓവറില്‍ 29 റണ്‍സടിച്ച് 36 പന്തില്‍ 72ല്‍ എത്തി.

ഇതോടെ തന്റെ അവസാന ആശ്രയമായ റാഷിദ് ഖാനെ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ പന്തേല്‍പ്പിച്ചു. ആദ്യ പന്തില്‍ കോഹ്ലി സിംഗിളെടുത്തു. അടുത്ത രണ്ട് പന്തും സിക്‌സിന് പറത്തിയ ജാക്‌സ് നാലാം പന്തില്‍ ബൗണ്ടറി നേടി. അഞ്ചാം പന്തും ആറാം പന്തും സിക്‌സിന് പറത്തി സെഞ്ചുറിയും ആര്‍സിബിയുടെ അവിശ്വസനീയ വിജയവും ജാക്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ ജാക്‌സ് 41 പന്തില്‍ സെഞ്ചുറിയിലെത്തിയിരുന്നു.

വില്‍ ജാക്‌സിന്റെ വെടിക്കെട്ട് കണ്ട് സാക്ഷാല്‍ വിരാട് കോഹ്ലി പോലും ഞെട്ടിപ്പോയി. വെറും ആറ് മിനിറ്റാണ് ഫിഫ്റ്റിയില്‍ നിന്ന് സെഞ്ച്വറിയിലെത്താന്‍ വില്‍ ജാക്‌സിന് വേണ്ടത്. കൃത്യമായി പറഞ്ഞാല്‍ 6.42ന് കോഹ്ലി വില്‍ ജാക്‌സിന്റെ അര്‍ധസെഞ്ച്വറി ആഘോഷിച്ചു. സെഞ്ചുറി ആഘോഷിച്ചത് ആറ് മിനിറ്റിനുശേഷം 6.48നും.