ഞാനായിരുന്നു സെലക്ടറെങ്കില്‍ ആദ്യം ടീമിലെടുക്കുക സഞ്ജുവിനെ, തുറന്നടിച്ച് സൂപ്പര്‍ താരം

Image 3
CricketCricket News

ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പിനാണല്ലോ ക്രിക്കറ്റ് ലോകം സാക്ഷ്്യം വഹിക്കുക. ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍.

ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ സെലക്ടര്‍ താനാണെങ്കില്‍ ആദ്യ ചോയ്‌സ് സഞ്ജുവാകുമെന്നാണ് പീറ്റേഴ്സണ്‍ പറഞ്ഞത്.

‘ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ടറാണെങ്കില്‍ എന്റെ ആദ്യ ചോയ്സ് സഞ്ജുവായിരിക്കും. ലോകകപ്പ് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സഞ്ജുവിനാകും’ പീറ്റേഴ്‌സണ്‍ പറഞ്ഞു.

പീറ്റേഴ്സണ് മുന്നേ നിരവധി താരങ്ങളും സഞ്ജുവിന് പിന്തുണയുമായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. വിരമിച്ച താരങ്ങളടക്കമുള്ള പ്രമുഖരുടെ പ്രവചന ലിസ്റ്റുകളിലും സഞ്ജു ഇടം പിടിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് ആണ് സഞ്ജുവിനായി നിലവില്‍ ഏറെ വാദിക്കുന്നത്.

അതേസമയം അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള മത്സരം കടുക്കുകയാണ്. റിഷഭ് പന്തും കെ എല്‍ രാഹുലുമാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് താരങ്ങള്‍. ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് തുടരുന്ന ദിനേശ് കാര്‍ത്തിക്കിനെയും പരിഗണിക്കണമെന്നുള്ള ആവശ്യമുയര്‍ന്നിട്ടുണ്ട്.