ആരായിരുന്നു അവന് ശക്തി നല്‍കിയ ഹനുമാന്‍? കളിയിലെ താരമായത് പരിഹസിച്ചവര്‍ക്കേറ്റ മുഖത്തടി

സനല്‍കുമാര്‍ പത്മനാഭന്‍
രാമായണത്തില്‍ ഒരു കഥയുണ്ട്. രാവണന്‍ അപഹരിച്ചു കൊണ്ട് പോയ സീത ദേവിയെ തേടി നടന്ന രാമന്റെ വാനരസൈന്യം ഒടുവില്‍ മുന്നില്‍ തെളിഞ്ഞ കടല്‍ കണ്ടു മുന്നോട്ടു പോകാന്‍ വഴിയില്ലാതെ നിരാശര്‍ ആയി നിന്നപ്പോള്‍ കൂടെയുള്ള ഹനുമാനെ അയാള്‍ എന്തായിരുന്നെന്നും ‘ ചെറുപ്പത്തില്‍ പഴം ആണെന്ന് കരുതി സൂര്യനെ തേടി ചെന്ന ‘ സംഭവം ഓര്‍മിപ്പിച്ചു. അയാളുടെ ശക്തിയും ധൈര്യവും ഓര്‍മപ്പെടുത്തി , പ്രചോദിപ്പിച്ചു അയാളെ കടല്‍ ചാടി കടക്കുവാന്‍ തക്ക രീതിയില്‍ മനോധൈര്യം നല്‍കിയ ജാമ്പവാന്‍ എന്ന വാനര സൈന്യത്തിലെ പ്രമുഖന്റെ കഥ….
ആദ്യ മത്സരം തലനാരിഴക്ക് പരാജയപ്പെട്ട രാജസ്ഥാന്‍ വാങ്കഡേയില്‍ നിര്‍ണായകം ആയ മത്സരത്തില്‍ ഡല്‍ഹിയെ നേരിടുകയാണ്…
നാല് റണ്‍സിന് പഞ്ചാബ് അപഹരിച്ചു കൊണ്ട് പോയ വിജയത്തെ തിരഞ്ഞുള്ള രാജസ്ഥാന്റെ യാത്ര മുന്നില്‍ കടല്‍ എന്നോണം പരന്നു കിടക്കുന്ന രണ്ട് ഡല്‍ഹി ഓപ്പണര്മാരില് തടഞ്ഞു നില്‍ക്കുക ആണു. വിജയ് ഹസാരെ ട്രോഫിയില്‍ റണ്ണുകളുടെ തടാകത്തില്‍ ഒരു മുതലയെപോലെ മുങ്ങി കിടന്ന പൃഥ്വി ഷായുടെയും , എതിരാളികളുടെ മേല്‍ കരിയിലയില്‍ തീയെന്നോണം ആളിപ്പടരുന്ന ധവാന്റെയും മുന്നില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തടസ്സം കണ്ടു നിരാശര്‍ ആയി നില്‍ക്കുന്ന രാജസ്ഥാന്റെ ബൗളിംഗ് സൈന്യത്തിലെ പോരാളികളില്‍ ഒരാളായ അയാളെ , രഞ്ജിട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി സൗരാഷ്ട്രക്ക് കപ്പ് നേടിക്കൊടുത്ത അയാളുടെ നായകമികവിനെക്കുറിച്ചും ഒരൊറ്റ സീസണില്‍ നിന്നും 67 വിക്കറ്റുകള്‍ വീഴ്ത്തി രഞ്ജിയില്‍ പുതുചരിത്രം എഴുതിയ അയാളുടെ ബൗളിംഗ് മികവിനെക്കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തി അയാളെ ആ പഴയ തീപ്പൊരി ആക്കി മാറ്റാന്‍, രാമായണത്തില്‍ ഹനുമാന് ജാമ്പവാന്‍ ഉണ്ടായിരുന്നത് പോലെ രാജസ്ഥാന്‍ സൈന്യത്തില്‍ ആരെങ്കിലും ഉണ്ടായികാണുമോ ? സംശയമാണ്
കാരണം ഓരോ മാച്ചിലും 10 റണ്‍സ് അടുത്തു എക്കോണമിയില്‍ ബൗള്‍ എറിഞ്ഞിരുന്ന അയാളുടെ കരുത്തില്‍ കൂടെയുള്ളവര്‍ക്ക് പ്രതീക്ഷ നഷ്ടപെട്ടിരിക്കാം…
രണ്ടാമത്തെ ഓവറിനായി ക്യാപ്റ്റന്‍ അയാളുടെ നേരെ പന്ത് എറിഞ്ഞു കൊടുക്കുമ്പോള്‍ അയാളുടെ ഉള്ളില്‍ തെളിഞ്ഞ രഞ്ജി ട്രോഫി 19-20 ലേ പിച്ചില്‍ തീ പാറിയ ഓര്‍മ്മകള്‍ പതിയെ ജാംബവാന്‍ ആയി രൂപാന്തരപ്പെട്ടു അയാളിലെ പോരാളിയെ ഉണര്‍ത്തുക ആയിരുന്നു…..
112 സ്പീഡില്‍ വന്നൊരു ബോളിന്റെ വേഗതയോ ഗതിയോ മനസിലാക്കാനാകാതെ ഫ്‌ലിക്കിന് ശ്രമിച്ചു എഡ്ജ് എടുത്തു മില്ലാര്‍ക്കു പിടി കൊടുത്തു മടങ്ങുന്ന പ്രിത്വി ഷാ !
ബാറ്റ്‌സ്മാന്റെ മൈന്‍ഡ് റീഡ് ചെയ്തു സ്‌കൂപ് ഷോട്ട് ആകും എന്ന് മനസിലാക്കി ഒരു ഫുള്ളിഷ് ബോള്‍ ! ബാറ്റിന്റെ തോളില്‍ തടവിക്കൊണ്ട് കീപ്പറിന്റെ കൈകളില്‍ വിശ്രമിക്കുന്ന ബോള്‍ പ്രിത്വിക്ക് കൂട്ടായി ധവാന്‍ ഡ്രസിങ് റൂമില്‍ എത്തുന്ന കാഴ്ച !
ആവശ്യാനുസരണം ക്രീസില്‍ ക്ഷമയോടെ നങ്കുരമിടാനും, അക്ഷമയോടെ പൊട്ടിത്തെറിക്കാനും കഴിവുള്ള രഹാനെക്ക് കിട്ടിയത് 108 മാത്രം വേഗതയില്‍ ഉള്ളൊരു പന്ത് ആയിരുന്നു ഒന്നും ചെയ്യാനാകാതെ റിട്ടേണ്‍ ക്യാച് നല്‍കി രഹാനെയും മടങ്ങുമ്പോള്‍ രാജസ്ഥാന്‍ സൈന്യം പഞ്ചാബ് അവരില്‍ നിന്നും തട്ടിയെടുത്ത വിജയമെന്ന സീതാദേവിയെ ഡല്‍ഹിയുടെ മണ്ണില്‍ കണ്ടു കഴിഞ്ഞിരുന്നു.
കൂടെയുള്ളവര്‍ പോലും എഴുതി തള്ളിയിട്ടു പോലും തകര്‍ന്നു പോകാതെ ഓര്‍മകളിലെ ഹൈപര്‍ലിങ്കുകളില്‍ കൂടെ പഴയ പ്രകടനങ്ങളെ പൊടി തട്ടിയെടുത്തു സ്വയം പ്രചോദിക്കപെട്ടു തന്റെ ടീമിന്റെ വിജയത്തിനായി മുന്നില്‍ നിന്നും വഴി വെട്ടി തടസങ്ങള്‍ എല്ലാം നീക്കിയ അയാള്‍ തന്നെ ആയിരുന്നു ഡല്‍ഹി – രാജസ്ഥാന്‍ യുദ്ധത്തില്‍ രാജസ്ഥാന്റെ വിജയശില്പിയും..
പ്രിയ ജയദേവ്….. പരിഹസിച്ചവരുടെ മുന്നിലൂടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും വാങ്ങി ചിരിയോടെ നിങ്ങളെപോലുള്ളവര്‍ നടന്നു വരുന്നതിലും വലിയ സന്തോഷ കാഴ്ച വേറെയില്ല……
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്