ലങ്കയിലേക്ക് സഞ്ജുവിന് കൂട്ടായി ദ്രാവിഡും വരും, മുഖ്യ കോച്ചിലേക്കുളള ആദ്യ ചുവടുവെപ്പ്
ശ്രീലങ്കയിലേക്ക് ഏകദിന,ടി20 പരമ്പര കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക മുന്‍ താരവും നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഡയറക്ടറുമായി രാഹുല്‍ ദ്രാവിഡായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ദ്രാവിഡിന് കീഴിലായിരിക്കും മൂന്ന് ഏകദിനവും അഞ്ച് ടി20യും ഇന്ത്യ ശ്രീലങ്കയില്‍ കളിയ്ക്കുക.
ഒന്നാം നിര ടീമിനെ ഒഴിവാക്കി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുളള യുവതാരങ്ങളാകും ശ്രീലങ്കയിലേക്് പോകുക എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ജൂലൈയിലായിരിക്കും ഈ പരമ്പര നടക്കുക. ഇന്ത്യന്‍ സീനിയര്‍ ടീം ആ സമയം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയിലായിരിക്കും. ലങ്കന്‍ പര്യടനത്തെ കുറിച്ച് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് അറിയിച്ചത്.
ജൂലൈയില്‍ നടക്കുന്ന പര്യടനത്തില്‍ അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന യുവതാരങ്ങളെ അയക്കാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്. പരിക്കേറ്റ ഡല്‍ഹി മുന്‍ നായകന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് സഞ്ജുവിന് വെല്ലുവിളിയുളളത്.
ശ്രേയസിന്റെ പരിക്കിന്റെ അവസ്ഥ അനുസരിച്ചിരിക്കും സഞ്ജുവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുളള വരവ്. ഇരുവരേയും കൂടാതെ സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, ദേവ്ദത്ത് പടിക്കല്‍, യുസ്വേന്ദ്ര ചഹാല്‍, ടി.നടരാജന്‍, രാഹുല്‍ ചഹാര്‍, രാഹുല്‍ തേവാത്തിയ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സാകരിയ, ദീപക് ചഹാര്‍, രവി ബിഷ്‌നോയ് തുടങ്ങിയ യുവതാരങ്ങളെയാണ് ശ്രീലങ്കയിലേക്കുളള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കുന്നത്.
ഈ ഐ.പി.എല്‍ സീസണില്‍ നായകനായി സഞ്ജു അരങ്ങേറ്റം കുറിച്ചിരുന്നു. ഇവിടെ ശ്രേയസ് അയ്യരിനാണ് മുന്‍തൂക്കമെങ്കിലും തോളിന് പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന താരം രണ്ട് മാസത്തിനുള്ളില്‍ ഫിറ്റായില്ലെങ്കില്‍ നായക ഉത്തരവാദിത്വം സഞ്ജുവിലേക്ക് തന്നെ എത്തുമെന്നാണ് സംസാരം.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇല്ലാത്ത ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീം ഇന്ത്യയുടെ ഭാഗമായേക്കും. അങ്ങനെയെങ്കില്‍ രാഹുലോ, ധവാനോ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകാനും സാധ്യതയുണ്ട്.