ഞെട്ടിച്ചത് അശ്വിനാണ്, പവര്‍ ഹിറ്റിംഗിലും ഇയാള്‍ പുലിയാണ്

ലോക ക്രിക്കറ്റിലെ പ്രെഫസര്‍ ആര്‍ അശ്വിന് ഒരോ ദിവസവും അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ്. ടെസ്റ്റില്‍ 500 വിക്കറ്റ് തികച്ച അശ്വിന്‍ ഇപ്പോഴിതാ ടി20യിലാണ് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഒരു ആവശ്യം വന്നാല്‍ പവര്‍ ഹിറ്ററായി മാറാനും തനിയ്ക്ക് അനായാസം സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ആര്‍ അശ്വിന്‍.

രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലെ രാജസ്ഥാന്‍ ഇന്നിംഗ്സിന്റെ ആദ്യപകുതിയാണ് അശ്വിന്‍ വെടിക്കെട്ട് നടത്തി ഞെട്ടിച്ചത്.

രാജസ്ഥാന്റെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. ജോസ് ബട്ട്ലറിലൂടെ മൂന്നാം വിക്കറ്റ് നഷ്ടമായപ്പോഴാണ് രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് അശ്വിന് പ്രൊമോഷന്‍ നല്‍കുന്നത്. തന്നിലേല്‍പ്പിച്ച ജോലി അശ്വിന്‍ വൃത്തിയായി എന്നല്ല, അതിഗംഭീരമായി തന്നെ നിര്‍വ്വഹിച്ചു.

19 പന്തില്‍ 29 റണ്‍സാണ് അശ്വിന്‍ അടിച്ചെടുത്തത്. ഇതില്‍ മൂന്ന് സിക്സും ഉള്‍പ്പെടും. താന്‍ നേരിട്ട അവസാന അഞ്ച് പന്തിലാണ് അശ്വിന്‍ മൂന്ന് സിക്സുകള്‍ പറത്തിയത്. 6, 1, 6, 1, 6 എന്നിങ്ങനെയായിരുന്നു അശ്വിന്റെ അവസാന അഞ്ച് പന്തുകളിലെ സ്‌കോര്‍.

ഡല്‍ഹിയുടെ പേരു കേട്ട പേസര്‍ നോര്‍ക്കിയയെയാണ് അശ്വിന്‍ പുറകെ പുറകെ സിക്സുകള്‍ പറത്തിയത്. രാജസ്ഥാന്‍ ഇന്നിംഗ്സിന്റെ പതിനൊന്നാം ഓവറിലാണ് ഡിസി നായകന്‍ എതിരാളികളെ എറിഞ്ഞിടാന്‍ നോര്‍ക്കിയയെ കൊണ്ടു വരുന്നത്. എന്നാല്‍ ഡിസിയുടെ മോഹം കാറ്റില്‍പ്പറത്തി അശ്വിന്‍ നോര്‍ക്കിയെ അടിച്ചുപറത്തി.

അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. അശ്വിന് പുറമെ വെട്ടിക്കെട്ട് പ്രകടനത്തിലൂടെ അര്‍ധ സെഞ്ചുറി നേടിയ പരാഗ് ആണ് രാജസ്ഥാനെ മാന്തയമായ സ്‌കോറിലെത്തിച്ചത്. 45 പന്തില്‍ 84 റണ്‍സാണ് പരാഗ് നേടിയത്. ഏഴ് ഫോറും ആറ് സിക്സും ഉള്‍പ്പെടുന്നതാണ് പരാഗിന്റെ ഇന്നിംഗ്്.

You Might Also Like