ഖത്തർ ലോകകപ്പിൽ പണമൊഴുകും, ഓരോ ടീമിനും ലഭിക്കുന്ന സമ്മാനത്തുക അറിയാം

ഖത്തർ ലോകകപ്പ് ഇന്നാരംഭിക്കാനിരിക്കെ ഓരോ ഫുട്ബോൾ പ്രേമിയും അതിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറും തമ്മിലാണ് ലോകകപ്പിലെ ആദ്യത്ത മത്സരം നടക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9.30നാണു രണ്ടു ടീമുകളും ലോകകപ്പിന്റെ വേദിയിൽ ഏറ്റുമുട്ടുക. ഒരേയൊരു മത്സരം മാത്രമേ ലോകകപ്പിന്റെ ഉദ്ഘാടന ദിവസം നടക്കുന്നുള്ളൂ.

അതേസമയം വമ്പൻ തുകയാണ് ടൂർണമെന്റിന്റെ സമ്മാനത്തുകയായി ടീമുകൾക്ക് ലഭിക്കാൻ പോകുന്നത്. റഷ്യയിൽ നടന്ന കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് സമ്മാനത്തുകയിൽ വർദ്ധനവുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോയാലും ടീമുകൾക്ക് വലിയ തുക തന്നെ ലഭിക്കും. ഏതാണ്ട് മൂവായിരത്തിയഞ്ഞൂറു കോടി രൂപയിലധികമാണ് ഖത്തർ ലോകകപ്പിലെ ടീമുകൾക്ക് നൽകാനുള്ള തുകയായി ഫിഫ കണക്കാക്കിയിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെത്തി ഓരോ ടീമുകൾക്കും എഴുപത്തിനാല് കോടി രൂപ സമ്മാനമായി ലഭിക്കും. ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോയാലും വെറും കയ്യോടു കൂടി ആർക്കും മടങ്ങേണ്ടി വരില്ല. പ്രീ ക്വാർട്ടറിൽ എത്തുമ്പോൾ തുകയിൽ വീണ്ടും വർദ്ധനവുണ്ടാകും. 106 കോടി രൂപയാണ് ഓരോ ടീമിനും ലഭിക്കുക. ക്വാർട്ടറിൽ എത്തുന്ന ടീമുകൾക്ക് 138 കോടി രൂപയും ഫിഫ സമ്മാനത്തുകയായി നൽകും.

സെമി ഫൈനലിൽ എത്തുന്ന ടീമുകളുടെ സമ്മാനത്തുക ഒറ്റയടിക്ക് 204 കോടി രൂപയായി വർധിക്കും. മൂന്നാം സ്ഥാനക്കാർക്ക് 220 കോടി രൂപ ലഭിക്കുമ്പോൾ രണ്ടാം സ്ഥാനം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് 245 കോടി രൂപയാണ്. ലോകകപ്പിൽ വിജയം നേടുന്ന ടീമിന്റെ തുക അതിനേക്കാൾ കൂടുതലാണ്. 344 കോടി രൂപയാണ് ഖത്തർ ലോകകപ്പ് ഉയർത്തുന്ന ടീമിനെ കാത്തിരിക്കുന്നത്.

You Might Also Like