2020ൽ സംഭവിച്ച പിഴവ് തിരുത്താൻ പിഎസ്‌ജി, തോമസ് ടുഷെൽ വീണ്ടും ഫ്രഞ്ച് ക്ലബ്ബിലേക്ക്

പരിശീലകനെന്ന നിലയിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും തോമസ് ടുഷെൽ ക്ലബുകളിൽ നിന്നും നിരന്തരം പുറത്താക്കപ്പെടുകയാണ്. അവസാനം സ്ഥാനമേറ്റെടുത്ത രണ്ടു ക്ലബുകളെയും അദ്ദേഹം വിജയത്തിലേക്ക് നയിച്ചെങ്കിലും രണ്ടു ക്ലബുകളും ജർമൻ പരിശീലകനെ അപ്രതീക്ഷിതമായി പുറത്താക്കി. ടീമിലെ താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിലുള്ള പോരായ്‌മയും കണിശമായ സ്വഭാവവുമാണ് അദ്ദേഹത്തിന് തിരിച്ചടി നൽകുന്നത്.

പിഎസ്‌ജിയിൽ 2018 മുതൽ 2020 വരെ പരിശീലകനായിരുന്ന തോമസ് ടുഷെൽ ടീമിനെ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചതിനു നാല് മാസം കഴിഞ്ഞാണ് പുറത്താക്കപ്പെടുന്നത്. അക്കാലയളവിൽ രണ്ടു ലീഗടക്കം ആറു കിരീടങ്ങൾ അദ്ദേഹം നേടിയിരുന്നു. അതിനു ശേഷം പിഎസ്‌ജിയിൽ ഒരു വർഷത്തിലധികം പരിശീലകനായിരുന്ന അദ്ദേഹം ചാമ്പ്യൻസ് ലീഗ് അടക്കം മൂന്നു കിരീടങ്ങൾ ക്ലബിന് നേടിക്കൊടുത്തതിന് ശേഷവും പുറത്താക്കപ്പെട്ടു.

എന്തായാലും 2020ൽ തോമസ് ടുഷെലിനെ പുറത്താക്കിയത് ഒരു തെറ്റായിരുന്നുവെന്നാണ് പിഎസ്‌ജി ഇപ്പോൾ കരുതുന്നത്. അതുകൊണ്ടു തന്നെ ജർമൻ പരിശീലകനെ തിരിച്ചു വിളിക്കാനുള്ള നീക്കങ്ങൾ അവർ നടത്തുന്നുണ്ടെന്നാണ് ഈവെനിംഗ് സ്റ്റാൻഡേർസ് റിപ്പോർട്ടു ചെയ്യുന്നത്. നിലവിലെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറിൽ നേതൃത്വത്തിന് അത്ര തൃപ്‌തിയില്ലെന്നും അദ്ദേഹത്തെ പുറത്താക്കിയാൽ തോമസ് ടുഷെലിനെ വീണ്ടും നിയമിക്കാൻ അവർ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം തന്റെ തിരിച്ചുവരവിൽ ചില നിബന്ധനകൾ ജർമൻ പരിശീലകൻ വെച്ചിട്ടുണ്ട്. പിഎസ്‌ജിയിലെ സൂപ്പർതാരങ്ങൾ തനിക്ക് മേൽ ആധിപത്യം കാണിക്കരുതെന്നാണ് അതിലെ പ്രധാനപ്പെട്ട കാര്യം. അതുപോലെ തന്നെ ക്ലബിന്റെ ട്രാൻസ്‌ഫർ കൈകാര്യം ചെയ്യുന്നത് സ്പോർട്ടിങ് ഡയറക്റ്ററായ ലൂയിസ് കാമ്പോസിനു പൂർണമായും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറാണ്. ലഭ്യമായ താരങ്ങളെ പരിശീലിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തോമസ് ടുഷെൽ തിരിച്ചുവരവിൽ തയ്യാറെടുക്കുന്നത്.

You Might Also Like