മെസിയോട് ചെയ്‌തത്‌ വലിയ തെറ്റ്, നാണക്കേട് തോന്നുന്നുവെന്ന് എംബാപ്പെ

ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും അതല്ല സംഭവിച്ചത്. കരാർ പുതുക്കാൻ പിഎസ്‌ജി ഒരുപാട് ശ്രമം നടത്തിയെങ്കിലും ലയണൽ മെസി അതിൽ നിന്നും പിൻവലിഞ്ഞു നിന്നു. ജൂണിൽ കരാർ അവസാനിച്ചതോടെ യൂറോപ്പ് വിട്ട ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്.

ലയണൽ മെസി പിഎസ്‌ജി വിടാൻ ഫ്രഞ്ച് ആരാധകരും വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ അർജന്റീന ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയതിനു ശേഷം മെസിക്കെതിരെ പിഎസ്‌ജി ആരാധകർ വലിയ രീതിയിൽ വിമർശനം ഉന്നയിക്കുകയുണ്ടായി. പിഎസ്‌ജിയുടെ ഓരോ പിഴവുകളും താരം കാരണമാണെന്ന് രീതിയിൽ പ്രതിഷേധിച്ച അവർ ലോകകപ്പ് പരാജയത്തിന്റെ രോഷം തീർക്കുക തന്നെയായിരുന്നു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് ആരാധകർ മെസിക്കെതിരെ നടത്തിയ അനാവശ്യമായ പ്രതിഷേധത്തെ എംബാപ്പെ വിമർശിച്ചു സംസാരിക്കുകയുണ്ടായി. ലയണൽ മെസി വളരെയധികം ബഹുമാനം അർഹിക്കുന്ന താരമാണെന്നും ഫ്രഞ്ച് ആരാധകർ അത് താരത്തിന് നൽകിയില്ലെന്നും എംബാപ്പെ പറഞ്ഞു. മെസിയോട് ആരാധകർ ചെയ്‌തത്‌ നാണക്കേടുണ്ടാക്കിയ കാര്യമാണെന്നും എംബാപ്പെ പറയുകയുണ്ടായി.

ലയണൽ മെസിയുടെ അസാന്നിധ്യം എംബാപ്പെക്ക് വലിയ നഷ്‌ടമാണ്‌. താരത്തിന്റെ വാക്കുകളിൽ നിന്നും അത് വ്യക്തമാകുന്നുമുണ്ട്. മെസിയെപ്പോലൊരു താരത്തിനൊപ്പം കളിക്കുകയെന്നത് ഒരു ലക്ഷ്വറിയാണെന്നും അത് തനിക്ക് മിസ് ചെയ്യുന്നുണ്ടെന്നും എംബാപ്പെ പറഞ്ഞിരുന്നു. ആരാധകരുടെ ശല്യം ഇല്ലായിരുന്നെങ്കിൽ മെസിയും എംബാപ്പായും ഈ സീസണിൽ ഒരുമിച്ച് കളിച്ചേനെയെന്നും സംശയമില്ല.

You Might Also Like