എന്നെപ്പോലൊരു സ്‌ട്രൈക്കർക്ക് മെസിക്കൊപ്പം കളിക്കാൻ കഴിയുന്നത് ലക്ഷ്വറിയാണ്, എംബാപ്പയുടെ വാക്കുകൾ

ലയണൽ മെസി പിഎസ്‌ജി വിട്ടു പോയതിലുള്ള ദുഃഖം വെളിപ്പെടുത്തി കിലിയൻ എംബാപ്പെ. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടം സ്വന്തമാക്കിയതോടെ ഫ്രാൻസിലെ ആരാധകർ മെസിക്കെതിരെ തിരിഞ്ഞിരുന്നു. പിഎസ്‌ജി ആരാധകർ തന്നെ ശക്തമായ വിമർശനം ആരംഭിച്ചതോടെയാണ് മെസി ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിച്ചത്.

ഖത്തർ ലോകകപ്പിൽ ലയണൽ മെസിയും എംബാപ്പയും മുഖാമുഖം വന്നിരുന്നു. എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളുകളും നേടിയ മത്സരത്തിൽ ഫ്രാൻസിനെ കീഴടക്കി അർജന്റീന ലോകകപ്പ് സ്വന്തമാക്കി. ഫ്രാൻസിന്റെ തുടർച്ചയായ രണ്ടാം ലോകകപ്പ് മോഹം അർജന്റീന ഇല്ലാതാക്കിയതോടെ എംബാപ്പയും മെസിയും തമ്മിൽ അകന്നുവെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് യാഥാർഥ്യമല്ലെന്ന് താരത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

“ലയണൽ മെസിക്കൊപ്പം കളിക്കുന്നത് എല്ലായിപ്പോഴും മിസ് ചെയ്യുന്ന കാര്യമാണ്. എന്നെപ്പോലെ സ്‌പേസുകളെ കൃത്യമായി ഉപയോഗിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു സ്‌ട്രൈക്കർക്ക് താരത്തിനൊപ്പം കളിക്കുകയെന്നത് ഒരു ലക്ഷ്വറി അനുഭവമാണ്. നമ്മൾ ഏതു സ്‌പേസിലേക്ക് പോയാലും അവിടേക്ക് പന്തെത്തിക്കാൻ ലയണൽ മെസിക്ക് മാത്രമാണ് കഴിയുക.” എംബാപ്പെ കഴിഞ്ഞ ദിവസം പറഞ്ഞു.

പിഎസ്‌ജി വിട്ട ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്. അതേസമയം എംബാപ്പെ ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടരുകയാണ്. ഈ സീസണിൽ താരം മികച്ച പ്രകടനമാണ് നടത്തുന്നത്. പതിനാറു മത്സരങ്ങളിൽ ഇറങ്ങിയ താരം പതിനെട്ടു ഗോളുകൾ നേടിയിട്ടുണ്ട്. അതിനു പുറമെ ചാമ്പ്യൻസ് ലീഗിലും താരം രണ്ടു ഗോളുകൾ നേടി.

You Might Also Like