കരാർ പുതുക്കിയില്ലെങ്കിൽ അടുത്ത സീസൺ ബെഞ്ചിലിരിക്കും, എംബാപ്പയുടെ കാര്യത്തിൽ തീരുമാനമെടുത്തത് പിഎസ്‌ജി

പിഎസ്‌ജിയെ സംബന്ധിച്ച് മുൻപ് ക്ലബിന്റെ മുഖമായിരുന്നു എംബാപ്പെ എങ്കിലും ഇപ്പോൾ താരം വലിയൊരു തലവേദനയായി മാറിയിട്ടുണ്ട്. വരുന്ന സീസൺ കഴിയുന്നതോടെ അവസാനിക്കുന്ന തന്റെ കരാർ പുതുക്കാനില്ലെന്ന തീരുമാനം അടുത്തതോടെയാണ് താരം ക്ലബിന് അനഭിമതനായി മാറുന്നത്. ഇതോടെ ഫ്രഞ്ച് താരത്തെ അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി നഷ്‌ടപ്പെടുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്.

ഒന്നുകിൽ വരുന്ന സീസണോടെ അവസാനിക്കുന്ന കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുക, അല്ലെങ്കിൽ ഈ സമ്മറിൽ തന്നെ ക്ലബ് വിടുക എന്ന നിർദ്ദേശം പിഎസ്‌ജി ഫ്രഞ്ച് താരത്തിന് നൽകിയിട്ടുണ്ട്. എന്നാൽ താരത്തിന് ചേക്കേറാൻ താൽപര്യമുള്ള ക്ലബായ റയൽ മാഡ്രിഡ് നിഷ്ക്രിയരായി തുടരുകയാണ്. ഈ സമ്മറിൽ പുതിയ സൈനിങ്‌ ഉണ്ടാകില്ലെന്ന് പെരസ് പറഞ്ഞിട്ടുള്ളതിനാൽ അടുത്ത സമ്മറിൽ എംബാപ്പയെ ഫ്രീ ഏജന്റായി സ്വന്തമാക്കാനാണ് അവർ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

എന്നാൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരത്തെ ഫ്രീ ഏജന്റായി നഷ്ടപ്പെടുത്താൻ പിഎസ്‌ജി ഒരുക്കമല്ല. താരത്തോട് കരാർ പുതുക്കാനാണ് അവർ ആവശ്യപ്പെടുന്നത്. അങ്ങിനെയെങ്കിൽ ഒരു വർഷം കൂടി പിഎസ്‌ജിക്കൊപ്പം തുടർന്ന് 2024ൽ നടക്കുന്ന പാരീസ് ഒളിമ്പിക്‌സിന് ശേഷം എംബാപ്പാക്ക്‌ പിഎസ്‌ജി വിടാൻ കഴിയും. ഒരു വർഷം കൂടി കരാറിൽ ബാക്കിയുള്ളതിനാൽ ട്രാൻസ്‌ഫർ ഫീസ് പിഎസ്‌ജിക്ക് ലഭിക്കുകയും ചെയ്യും.

കരാർ പുതുക്കാതെ ക്ലബിനൊപ്പം തുടരാനാണ് എംബാപ്പെ തീരുമാനിക്കുന്നതെങ്കിൽ കടുത്ത നടപടിയിലേക്ക് പിഎസ്‌ജി തിരിയുമെന്നാണ് റിപ്പോർട്ടുകൾ. താരത്തെ അടുത്ത സീസൺ കളിപ്പിക്കാതെ ബെഞ്ചിൽ തന്നെ ഇരുത്താനും ഫ്രഞ്ച് ക്ലബ് മടിക്കില്ലെന്നാണ് സൂചനകൾ. കർക്കശക്കാരനായ ലൂയിസ് എൻറിക്കാണ് പരിശീലകൻ എന്നതിനാൽ എംബാപ്പയെ സംബന്ധിച്ച് തീരുമാനത്തിൽ എത്തേണ്ടത് അനിവാര്യമാണ്.

You Might Also Like