ഇതിനു മുകളിൽ പറക്കാൻ റയൽ മാഡ്രിഡിന് കഴിയുമോ, എംബാപ്പക്കായി വമ്പൻ ഓഫറുമായി പ്രീമിയർ ലീഗ് ക്ലബ്

എംബാപ്പെ ടീമിന്റെ ഭാവിയാകുമെന്നു പ്രതീക്ഷിച്ച പിഎസ്‌ജിക്കു വലിയ തിരിച്ചടി നൽകിയാണ് ഇനി ക്ലബുമായി കരാർ പുതുക്കാനില്ലെന്ന് താരം വ്യക്തമാക്കിയത്. അടുത്ത സീസണോടെ കരാർ അവസാനിക്കുന്ന താരത്തെ ഈ സമ്മറിൽ തന്നെ വിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫ്രീ ഏജന്റായി നഷ്‌ടപ്പെടുമെന്നതിനാൽ അതിനുള്ള നീക്കങ്ങൾ പിഎസ്‌ജി ആരംഭിച്ചിട്ടുണ്ട്.

റയൽ മാഡ്രിഡിലേക്ക് ചേക്കേറാനാണ് തനിക്ക് താൽപര്യമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള താരമാണ് എംബാപ്പെ. നേരത്തെ കരാർ അവസാനിക്കുന്ന സമയത്ത് താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള ശ്രമവും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ പിഎസ്‌ജി വിടുന്ന താരം ലോസ് ബ്ലാങ്കോസിൽ തന്നെ എത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

എന്നാൽ താരത്തെ സ്വന്തമാക്കാനുള്ള റയൽ മാഡ്രിഡിന്റെ ശ്രമങ്ങൾക്ക് അപ്രതീക്ഷിതമായ തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് താരത്തിനായി പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ഫിഫയുടെ ഒരു ഏജന്റ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. താരത്തിനായി മുന്നൂറു മില്യൺ യൂറോ അവർ ഓഫർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതിനു പുറമെ മറ്റു ചില ലീഗുകളിൽ നിന്നുള്ള ക്ലബുകളും എംബാപ്പെക്കു വേണ്ടി ശ്രമം നടത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി. റയൽ മാഡ്രിഡ് ഈ സമ്മറിൽ മറ്റു സൈനിംഗുകൾ നടത്തില്ലെന്ന് ക്ലബ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് പറഞ്ഞത് ഈ സീസണിൽ എംബാപ്പക്കായി റയൽ മാഡ്രിഡ് ശ്രമം നടത്തില്ലെന്ന സൂചനയാണ് നൽകുന്നത്.

എന്നാൽ എംബാപ്പയെ ഫ്രീ ഏജന്റായി നഷ്‌ടപെടുത്താൻ പിഎസ്‌ജി തയ്യാറാകില്ല. അതിനാൽ തന്നെ ഈ സമ്മറിൽ താരത്തെ ലിവർപൂളിന് നൽകാൻ അവർ സമ്മർദ്ദം ചെലുത്തിയേക്കും. റയൽ മാഡ്രിഡിനു താരത്തെ നഷ്‌ടപ്പെടാൻ കഴിയില്ലെന്നതിനാൽ സമ്മറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ അവരും ശ്രമം നടത്തും.

You Might Also Like