എംബാപ്പെക്കെതിരെ പിഎസ്‌ജിയിൽ പടയൊരുക്കം, ആറു താരങ്ങൾ പരാതി നൽകി

ക്ലബിന്റെ ഭാവിതാരമായി എംബാപ്പയെ അവതരിപ്പിക്കാനാണ് പിഎസ്‌ജി ശ്രമിച്ചിരുന്നതെങ്കിലും ക്ലബും താരവും തമ്മിലുള്ള ബന്ധം മോശമാകുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഒരു വർഷം മാത്രം ബാക്കിയുള്ള തന്റെ കരാർ പുതുക്കാനില്ലെന്ന തീരുമാനം എംബാപ്പെ എടുത്തതോടെ താരത്തെ വിൽക്കാൻ ഒരുങ്ങുകയാണ് പിഎസ്‌ജി. കരാർ പുതുക്കുന്നില്ലെങ്കിൽ ക്ലബ് വിടണമെന്ന അന്ത്യശാസനം അവർ നൽകുകയും ചെയ്‌തിട്ടുണ്ട്‌.

അതിനിടയിൽ പിഎസ്‌ജിയെക്കുറിച്ച് എംബാപ്പെ നടത്തിയ പരാമർശങ്ങൾ വലിയ പ്രതിഷേധത്തിന് വഴി വെച്ചിട്ടുണ്ട്. ഒരു ഫ്രഞ്ച് മാധ്യമത്തോട് സംസാരിക്കുമ്പോൾ ബാലൺ ഡി ഓർ സ്വന്തമാക്കാൻ പിഎസ്‌ജി യാതൊരു തരത്തിലും തന്നെ സഹായിച്ചിട്ടില്ലെന്നും ക്ലബിൽ ചേരിതിരിവുണ്ടെന്നും എംബാപ്പെ പറഞ്ഞു. അതിനു പുറമെ ടീമിന് ചാമ്പ്യൻസ് ലീഗ് നേടാൻ എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയില്ലെന്നും എംബാപ്പെ പറഞ്ഞിരുന്നു.

പിഎസ്‌ജി ടീമിലെ സഹതാരങ്ങൾക്കു തന്നെ എംബാപ്പയുടെ വാക്കുകളോട് അതൃപ്‌തിയുണ്ടെന്നാണ് പുതിയ വിവരം. റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജിയിൽ എംബാപ്പയുടെ സഹതാരങ്ങളായ ആറു പേർ താരത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. എംബാപ്പയുടെ വാക്കുകൾ ക്ലബ്ബിനെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അവർ പറയുന്നു. ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലൈഫിക്കാണ് അവർ പരാതി നൽകിയിരിക്കുന്നത്.

പുതിയ സംഭവവികാസങ്ങളോടെ എംബാപ്പെ പിഎസ്‌ജി വിടുമെന്ന കാര്യത്തിൽ കൂടുതൽ തീർച്ചയായിട്ടുണ്ട്. താരത്തെ ഈ സമ്മറിൽ തന്നെ ഒഴിവാക്കി പരമാവധി തുക നേടാനാകും പിഎസ്‌ജി ശ്രമിക്കുക. ഇനി ക്ലബിൽ തുടരാൻ ശ്രമിച്ചാലും അത് എംബാപ്പാക്ക് ഗുണകരമാകില്ല. ആരാധകർ അടക്കമുള്ളവർ താരത്തിന് എതിരായി തുടങ്ങിയിട്ടുണ്ട്.

You Might Also Like