ബാഴ്‌സലോണക്ക് ഇരുട്ടടി, എംബാപ്പെക്ക് പകരക്കാരനായി ഡെംബലെ പിഎസ്‌ജിയിലേക്ക്

പുതിയ സീസണിനായി ഒരുങ്ങുന്ന ബാഴ്‌സലോണക്ക് തിരിച്ചടിയായി ടീമിന്റെ പ്രധാന താരമായ ഒസ്മാനെ ഡെംബലെ ക്ലബ് വിടുമെന്ന് റിപ്പോർട്ടുകൾ. ഒരു വർഷം കൂടി മാത്രം ബാഴ്‌സലോണയുമായി കരാറുള്ള താരം ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. താരത്തിന് വേണ്ടിയുള്ള നീക്കങ്ങൾ പിഎസ്‌ജി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

അടുത്ത സമ്മറിൽ കരാർ അവസാനിക്കുന്ന കിലിയൻ എംബാപ്പെ ഈ സമ്മറിൽ തന്നെ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ എംബാപ്പെക്ക് പകരക്കാരനെന്ന നിലയിലാണ് ഒസ്മാനെ ഡെംബലെയെ പിഎസ്‌ജി സ്വന്തമാക്കാൻ ഒരുങ്ങുന്നത്. പരിക്കിന്റെ പ്രശ്‌നങ്ങൾ അടിക്കടി ഉണ്ടാകുമെങ്കിലും കളിക്കളത്തിൽ ഇറങ്ങുമ്പോഴെല്ലാം മികച്ച പ്രകടനം നടത്താറുള്ള ഡെംബലെ ക്ലബ് വിടുന്നത് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാണ്.

2024ൽ ബാഴ്‌സലോണ കരാർ അവസാനിക്കാനിരിക്കുന്ന ഒസ്മാനെ ഡെംബലെയുടെ നിലവിലെ റിലീസിംഗ് ക്ലോസ് അമ്പതു മില്യൺ യൂറോയാണ്. എന്നാൽ ജൂലൈ മാസം അവസാനിക്കുന്നതോടെ റിലീസിംഗ് ക്ലോസ് നൂറു മില്യൺ യൂറോയായി വർധിക്കും. ഇത് കണക്കിലെടുത്താണ് താരത്തെ സ്വന്തമാക്കാൻ പിഎസ്‌ജി ശ്രമിക്കുന്നത്. പിഎസ്‌ജി പരിശീലകൻ എൻറിക്കിന് ഡെംബലെയിൽ വളരെയധികം താത്പര്യവുമുണ്ട്‌.

അതേസമയം ഡെംബലെയുമായുള്ള കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ നടത്തുന്നുണ്ട്. ഇതിനു മുൻപും താരത്തിന് ബാഴ്‌സലോണ വിടാനുള്ള ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും സാവിയുടെ കീഴിൽ ബാഴ്‌സയിൽ തന്നെ തുടരാനാണ് ഡെംബലെ തീരുമാനിച്ചത്. സമാനമായൊരു തീരുമാനം താരം വീണ്ടും എടുക്കുമെന്നാണ് ബാഴ്‌സലോണ ആരാധകർ പ്രതീക്ഷിക്കുന്നത്.

You Might Also Like