എംബാപ്പെ പോയാലും ഗോളടിച്ചു കൂട്ടണം, ഹാരി കേനിനെ ലക്ഷ്യമിട്ട് പിഎസ്‌ജി

അടുത്ത സീസണോടെ അവസാനിക്കാനിരിക്കുന്ന തന്റെ കരാർ പുതുക്കുന്നില്ലെന്ന കാര്യം കിലിയൻ എംബാപ്പെ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യം താരം പിഎസ്‌ജിയെ ഒന്നുകൂടി അറിയിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഈ സമ്മറിൽ തന്നെ താരത്തെ വിറ്റില്ലെങ്കിൽ ഫ്രീ ഏജന്റായി എംബാപ്പയെ നഷ്‌ടപ്പെടുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്. താരത്തെ വിൽക്കാനുള്ള നീക്കങ്ങൾ അവർ ആരംഭിച്ചിട്ടുമുണ്ട്.

പിഎസ്‌ജിക്ക് ഇനി എംബാപ്പയെ പ്രതീക്ഷിക്കാൻ കഴിയില്ലെന്നതിനാൽ തന്നെ താരത്തിന് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പിഎസ്‌ജി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിരവധി സീസണുകളായി പിഎസ്‌ജിയുടെയും ഫ്രഞ്ച് ലീഗിലെയും ടോപ് സ്‌കോറർ സ്ഥാനത്ത് തുടരുന്ന താരമാണ് എന്നതിനാൽ ഗോളടിച്ചു കൂട്ടുന്ന ഒരു കളിക്കാരനെ തന്നെയാണ് പിഎസ്‌ജി ലക്‌ഷ്യം വെക്കുന്നത്.

ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയന്റെ റിപ്പോർട്ടുകൾ പ്രകാരം പിഎസ്‌ജി ഇപ്പോൾ ലക്ഷ്യമിടുന്ന പ്രധാന താരം ടോട്ടനം ഹോസ്‌പർ സ്‌ട്രൈക്കറായ ഹാരി കേനാണ്. പിഎസ്‌ജി പ്രസിഡന്റായ നാസർ അൽ ഖലൈഫി ഇംഗ്ലണ്ട് താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കി തുടങ്ങിയിട്ടുണ്ട്. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിനായി വലിയ തുക തന്നെ മുടക്കാൻ അവർ തയ്യാറായേക്കും.

ഒരു വർഷം മാത്രമേ കരാറിൽ ബാക്കിയുള്ളൂ എന്നതിനാൽ തന്നെ ഹാരി കേനിനെ ഈ സമ്മറിൽ ടോട്ടനം വിൽക്കാൻ സാധ്യതയുണ്ട്. നിരവധി വർഷങ്ങളായി ടോട്ടനത്തിൽ തുടരുന്ന താരം ഗംഭീര പ്രകടനമാണ് നടത്തുന്നതെങ്കിലും ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. കിരീടങ്ങൾ നേടാനായി ടോട്ടനം വിടാനൊരുങ്ങുന്ന താരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി എന്നീ ക്ലബുകളും താരത്തിനായി ശ്രമം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

You Might Also Like