ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടുന്നു, മെസിക്കൊപ്പം ഒരുമിക്കാൻ സാധ്യത

മാഞ്ചസ്റ്റർ സിറ്റി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയമാണ് കടന്നു പോകുന്നത്. 2009 മുതലുള്ള ഒൻപതു വർഷക്കാലയളവിൽ പ്രീമിയർ ലീഗിലെ സാമ്പത്തിക നയങ്ങളെ മാഞ്ചസ്റ്റർ സിറ്റി മറികടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നത് ക്ലബ്ബിനെ ബാധിച്ചിട്ടുണ്ട്. സംഭവത്തെ മാഞ്ചസ്റ്റർ സിറ്റി നേതൃത്വം നിഷേധിച്ചുവെങ്കിലും ഈ വിഷയത്തിൽ അന്വേഷണം നടന്ന് അത് സത്യമാണെന്ന് കണ്ടെത്തിയാൽ മാഞ്ചസ്റ്റർ സിറ്റിയെ അത് രൂക്ഷമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഉണ്ടായിട്ടുള്ള കണ്ടെത്തലുകൾ സത്യമാണെന്ന് തെളിഞ്ഞാൽ പോയിന്റ് വെട്ടിക്കുറക്കലോ ചിലപ്പോൾ ക്ലബിൽ നിന്നുള്ള പുറത്താക്കലോ അവർ നേരിടേണ്ടി വന്നേക്കും. ഈയൊരു സാഹചര്യത്തെ നേരിടുന്നതിനാൽ തന്നെ നിലവിലെ പരിശീലകനായ പെപ് ഗ്വാർഡിയോള ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുണ്ട്. ഫിനാൻഷ്യൽ നയങ്ങളുടെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റി നേതൃത്വം തന്നോട് നുണ പറഞ്ഞാൽ ക്ലബ് വിടുമെന്ന് ഗ്വാർഡിയോള മാസങ്ങൾക്ക് മുൻപേ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.

പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിടുകയാണെങ്കിൽ ആ അവസരം ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജി. നേരത്തെ സിനദിൻ സിദാനെ പരിശീലകനായി എത്തിക്കാനുള്ള ശ്രമങ്ങൾ പിഎസ്‌ജി നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഗ്വാർഡിയോളയുടെ സേവനം ലഭ്യമാണെങ്കിൽ അതിൽ മാറ്റമുണ്ടാകുമെന്ന് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യൂറോപ്പിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഗ്വാർഡിയോളയെ പിഎസ്‌ജി സ്വന്തമാക്കുമെന്ന് തന്നെയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

ഗ്വാർഡിയോള പിഎസ്‌ജിയിൽ എത്തുകയാണെങ്കിൽ ലയണൽ മെസിയും അദ്ദേഹവും വീണ്ടും ഒരുമിക്കാനുള്ള സാധ്യതകൾ കൂടിയാണുണ്ടാകുന്നത്. ലയണൽ മെസിയെ ഇന്ന് കാണുന്ന സൂപ്പർതാരമായി വളർത്താൻ പ്രധാന പങ്കു വഹിച്ചിട്ടുള്ള പരിശീലകനാണ് ഗ്വാർഡിയോള. ഇരുവരും വീണ്ടും ഒരുമിക്കണമെന്ന് ആരാധകരും ആഗ്രഹിക്കുന്നുണ്ട്. അതേസമയം മെസി ഇതുവരെയും പിഎസ്‌ജി കരാർ പുതുക്കിയിട്ടില്ല. ഗ്വാർഡിയോള എത്തുകയാണെങ്കിൽ മെസി കരാർ പുതുക്കാനും തയ്യാറാകുമെന്നുറപ്പാണ്.

You Might Also Like