നെയ്‌മർ വീണ്ടും ബാഴ്‌സലോണയിലേക്ക്, ക്ലബുകൾ തമ്മിൽ കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ

സമ്മർ ട്രാൻസ്‌ഫർ ജാലകം നിരവധി അഭ്യൂഹങ്ങൾ കൊണ്ടു നിറയുകയാണ്. ലയണൽ മെസിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അവസാനിച്ചെങ്കിലും ഫുട്ബോൾ ലോകത്തെ നിരവധി സൂപ്പർതാരങ്ങൾ ഈ സമ്മറിൽ ക്ലബ് വിടുമെന്ന കാര്യം ഉറപ്പാണ്. എംബാപ്പെ, നെയ്‌മർ തുടങ്ങിയ കളിക്കാരെല്ലാം അതിൽ ഉൾപ്പെടുന്നു. ഇവരുടെ അടുത്ത ക്ലബ് ഏതായിരിക്കുമെന്ന ആകാംക്ഷയിൽ നിൽക്കുകയാണ് ആരാധകർ.

അതിനിടയിൽ പിഎസ്‌ജി വിടാനൊരുങ്ങുന്ന നെയ്‌മർ തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബാഴ്‌സലോണയും പിഎസ്‌ജിയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് ബീയിൻ സ്പോർട്ട് ജേർണലിസ്റ്റ് വെളിപ്പെടുത്തുന്നത്. ബീയിൻ സ്പോര്ട്ടും പിഎസ്‌ജിയും ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതാണെന്നതിനാൽ ഇത് നിസാരമായി കാണാൻ കഴിയില്ല.

രണ്ടു ക്ലബുകളും തമ്മിൽ നെയ്‌മറെ സ്വന്തമാക്കുന്ന കൈമാറുന്ന കാര്യത്തിൽ ധാരണയിൽ എത്തിയെങ്കിലും അതിൽ ചില സങ്കീർണതകൾ ഇപ്പോഴുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ പ്രതിഫലമാണ് പ്രശ്‌നം. നെയ്‌മറെ ലോൺ കരാറിൽ ബാഴ്‌സലോണ ടീമിലെത്തിക്കുമ്പോൾ പ്രതിഫലത്തിന്റെ വലിയൊരു ഭാഗം പിഎസ്‌ജി നൽകണമെന്നാണ് ബാഴ്‌സലോണ ആവശ്യപ്പെടുന്നത്.

പിഎസ്‌ജിയെ സംബന്ധിച്ച് അത് സ്വീകാര്യമാകാനുള്ള സാധ്യതയില്ല. ആരാധകർ എതിരായതിനാൽ നെയ്‌മർ ഫ്രഞ്ച് ക്ലബ് വിടാനൊരുങ്ങുന്നുണ്ടെങ്കിലും അടുത്ത സീസണിലേക്ക് പരിശീലകനായി ലൂയിസ് എൻറിക് എത്തുന്നത് തീരുമാനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. എൻറിക്കിന് കീഴിൽ ബാഴ്‌സലോണയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്ന താരമാണ് നെയ്‌മർ.

You Might Also Like