റയൽ മാഡ്രിഡിന് കാര്യങ്ങൾ എളുപ്പമാകില്ല, എംബാപ്പക്കു വേണ്ടി വെല്ലുവിളിയുയർത്താൻ ക്ലബുകൾ രംഗത്ത്

അടുത്ത സീസണിനു ശേഷം പിഎസ്‌ജി കരാർ അവസാനിക്കുന്നതോടെ അത് പുതുക്കാനില്ലെന്ന് കിലിയൻ എംബാപ്പെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിരവധി വർഷങ്ങളായി ക്ലബിനൊപ്പം തുടരുന്ന താരത്തിന്റെ ഈ തീരുമാനത്തോടെ ഈ സീസണിൽ തന്നെ എംബാപ്പയേ വിൽക്കേണ്ടി വരുമെന്ന സാഹചര്യമാണ് പിഎസ്‌ജി നേരിടുന്നത്. അതിനു കഴിഞ്ഞില്ലെങ്കിൽ ഫ്രീ ഏജന്റായി താരത്തെ നഷ്‌ടമാകും.

എംബാപ്പയുടെ ഈ തീരുമാനം റയൽ മാഡ്രിഡിനാണ് കൂടുതൽ ഗുണകരമാകുന്നത്. കരിം ബെൻസിമ  അപ്രതീക്ഷിതമായി ക്ലബ് വിട്ടതിനു പകരക്കാരനായി എംബാപ്പയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. എംബാപ്പെക്ക് റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ നേരത്തെ മുതൽ തന്നെ ആഗ്രഹമുള്ളതിനാൽ കാര്യങ്ങൾ എളുപ്പമാകുമെന്നാണ് ക്ലബ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

എന്നാൽ റയൽ മാഡ്രിഡിന് കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാകില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. നിലവിലെ സൂചനകൾ പ്രകാരം റയൽ മാഡ്രിഡ് മാത്രമല്ല ഫ്രഞ്ച് താരത്തിനായി രംഗത്തുള്ളത്. പ്രീമിയർ ലീഗ് ക്ലബുകളാണ് എംബാപ്പെക്ക് വേണ്ടി സജീവമായ ശ്രമങ്ങൾ നടത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ലിവർപൂൾ എന്നീ ക്ളബുകളാണ് നിലവിൽ എംബാപ്പയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

എംബാപ്പയുടെ ആഗ്രഹം റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയാണെന്നതാണെന്ന് മുൻപ് തന്നെ വ്യക്തമാക്കിയത് റയൽ മാഡ്രിഡിന് അനുകൂലമായ ഘടകമാണ്. എന്നാൽ നേരത്തെ റയൽ മാഡ്രിഡിനെ തഴഞ്ഞതിന്റെ പേരിൽ  എംബാപ്പക്ക് ആരാധകരിൽ നിന്നും പ്രതിഷേധം ഉണ്ടായിരുന്നു. അത് വീണ്ടും ഉയർന്നു വരികയാണെങ്കിൽ മറ്റു ക്ളബുകളെ താരം പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

You Might Also Like