41ാം വയസ്സില്‍ അരങ്ങേറി, 50ാം വയസ്സില്‍ ഇന്നും വിക്കറ്റുകള്‍ വാരിക്കൂട്ടുന്നു, താംബേ എന്ന പ്രഹേളിക

സുരേഷ് വാരിയത്ത്

ഹോളിവുഡില്‍ 2002 ല്‍ ഇറങ്ങിയ ‘The Rookie’ എന്നൊരു സിനിമയുണ്ട്. ഡെന്നിസ് ക്വായ്ഡ് (Dennis Quaid) എന്ന നടന്‍ തകര്‍ത്തഭിനയിച്ച ആ ചിത്രം പറഞ്ഞത്, ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ചായിരുന്നു….. ജിം മോറിസ് എന്ന കഠിനാധ്വാനിയായ ബേസ്‌ബോള്‍ താരത്തെക്കുറിച്ച്. ലോകത്തെ ഏറ്റവും മികച്ച ബേസ്‌ബോള്‍ ലീഗായ അമേരിക്കയുടെ മേജര്‍ ലീഗ് ബേസ്‌ബോളില്‍ (MLB) Tamba Bay Devil Rays ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ ജിമ്മിനു വയസ്സ് 35. കൈയിലാവട്ടെ നിരവധി തവണ ശസ്ത്രക്രിയ ചെയ്തതിന്റെ തിരുശേഷിപ്പുകളും…. ….. ബോളിവുഡില്‍ അങ്ങനെ ഒരു ജീവചരിത്രം ആരെങ്കിലും അഭ്രപാളികളില്‍ പകര്‍ത്താന്‍ ശ്രമിച്ചാല്‍ നായകനെക്കുറിച്ച് അധികമൊന്നും ആലോചിക്കേണ്ടി വരില്ല. പ്രധാന കഥാപാത്രം നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട്. മുംബൈയുടെ ക്രിക്കറ്റ് രക്തം സിരകളില്‍ നിറച്ച പ്രവീണ്‍ വിജയ് താംബേ..

1971 ഒക്ടോബര്‍ 8 ന് ജനിച്ച പ്രവീണ്‍ ചെറുപ്പത്തിലെ പേസ് ബൗളിങ്ങ് ഭ്രമങ്ങളില്‍ നിന്ന് സ്പിന്നിലേക്ക് തിരിഞ്ഞത് താന്‍ ജോലി ചെയ്ത കമ്പനിയായ ഓറിയന്റ് ഷിപ്പിങ്ങിനു വേണ്ടി കളിക്കുമ്പോള്‍ ക്യാപ്റ്റന്‍ അജയ് കദമിന്റെ ഉപദേശപ്രകാരമാണ്. ശിവാജി പാര്‍ക്ക് ജിംഖാന ടീമില്‍ അംഗമായി കാംഗാ ലീഗില്‍ സ്ഥിര സാന്നിധ്യമായ താംബെയുടെ സ്പിന്‍ മികവ് സന്ദീപ് പാട്ടീല്‍ തുടങ്ങിയവരുടെ പ്രശംസ നേടിയെടുത്തു.

90 കളുടെ അവസാനം മുംബൈയില്‍ ടെസ്റ്റ് കളിക്കാന്‍ വന്ന ഓസീസിനും ഇന്ത്യക്കുമെതിരെ നെറ്റ്‌സില്‍ പന്തെറിഞ്ഞ ആ 27കാരന് പക്ഷേ ഒരിക്കലും ആഭ്യന്തര ക്രിക്കറ്റില്‍ പോലും ഇടം കിട്ടിയില്ല. 2000 ല്‍ കെനിയക്കെതിരെ കളിച്ച മുംബൈ ക്ലബ് ടീമില്‍ അയാളൊന്ന് മുഖം കാണിച്ചു. അതിനിടയ്ക്ക് ഇംഗ്ലീഷ് ടീമായ ലിവര്‍പൂളിനു വേണ്ടി അവരുടെ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ ചില മത്സരങ്ങളും……
2000 ന്റെ അവസാനങ്ങളില്‍ ഓറിയന്റ് ഷിപ്പിങ്ങ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ മുന്‍ ഇന്ത്യന്‍ താരവും സഹപ്രവര്‍ത്തകനുമായ അബി കുരുവിളയുടെ കൂടെ D Y പാട്ടീല്‍ ടീമിലെത്തിയ താംബേ, അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ മികച്ച പ്രകടനമാണ് ക്ലബ് മല്‍സരങ്ങളില്‍ കാഴ്ച വച്ചത്. കോര്‍പ്പറേറ്റ് ടീമുകള്‍ തമ്മിലുള്ള ടൈം ഷീല്‍ഡ് ടൂര്‍ണമെന്റില്‍ താംബേയുടെ കൂടി മികവില്‍ DYപാട്ടീല്‍ ടീം ചാമ്പ്യന്‍മാരായി. കൂടാതെ ഇന്ത്യയിലെ മികച്ച T20 ഫ്‌ലഡ് ലൈറ്റ് ടൂര്‍ണമെന്റായ DY പാട്ടീല്‍ ടൂര്‍ണമെന്റിലും അദ്ദേഹം തന്റെ വിജയഗാഥ തുടര്‍ന്നു.

കമ്രാന്‍ ഖാനെപ്പോലുള്ളവരെ ടീമിലെടുത്ത IPL ടാലന്റ് സ്‌കൗട്ട് ടീം തന്നെയാണ് താംബെയെയും മുംബെയുടെ ഗലികളില്‍ നിന്ന് കണ്ടെടുത്തത്. രാഹുല്‍ ദ്രാവിഡിന്റെ കണ്ണിലുടക്കിയ താംബേ 2013 ല്‍ രാജസ്ഥാന്‍ റോയല്‍സിനായി ആദ്യ IPL മത്സരത്തിന് ഇറങ്ങുമ്പോള്‍ പ്രായം 41 വയസ്സ്. IPL ല്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ 12 വിക്കറ്റ് നേടി റോയല്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. കൂടുതല്‍ വിക്കറ്റ് നേടിയതിനുള്ള ഗോള്‍ഡന്‍ വിക്കറ്റ് അവാര്‍ഡ് അദ്ദേഹത്തിന്നു തന്നെയായിരുന്നു.

2014 സീസണില്‍ പക്ഷേ കഥ മാറി. കൊല്‍ക്കത്തക്കെതിരെ രണ്ടു പന്തില്‍ നേടിയ ഹാട്രിക്കടക്കം മികച്ച പ്രകടനം കാഴ്ചവച്ച താംബേ, പ്രായം വെറും അക്കങ്ങളില്‍ മാത്രമാണെന്ന് തെളിയിച്ചു കൊണ്ടിരുന്നു. ഇക്കാലയളവില്‍ തന്നെ ആദ്യമായി മുംബൈ രഞ്ജി ടീമിലേക്കും ലിസ്റ്റ് A ടീമിലേക്കും അദ്ദേഹത്തിന് വിളി വന്നു. ആധുനിക കാല ക്രിക്കറ്റില്‍ ഇന്ത്യന്‍ ആഭ്യന്തര മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായമേറിയ വ്യക്തി ഒരു പക്ഷേ ഈ 41 കാരനാവാം.

2017ല്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിലെത്തിയ താംബേ ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായപ്പോള്‍ പിറന്നത് രണ്ട് ചരിത്രങ്ങളായിരുന്നു. ലീഗ് കളിക്കുന്ന ഏറ്റവും പ്രായമേറിയ താരവും ആദ്യ ഇന്ത്യന്‍ താരവും- (മുന്‍ ഇന്ത്യാ അണ്ടര്‍ 19 താരം സണ്ണി സൊഹല്‍ CPL കളിച്ചെങ്കിലും അദ്ദേഹം നിലവില്‍ അമേരിക്കന്‍ പൗരനാണ്) -ഈ 49 കാരനാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ IPL ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും, T10 ലീഗില്‍ പങ്കെടുത്തെന്ന കാരണത്താല്‍ പക്ഷേ ഇത്തവണ IPL അദ്ദേഹത്തിന് നഷ്ടമായി.
രാഹുല്‍ ദ്രാവിഡ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ മതി, ഈ കഠിനാധ്വാനിയെപ്പറ്റി മനസ്സിലാക്കാന്‍ – ‘What a story. For osme one who has not even got a chance to play first class cricket and worked hard all these years in Kanga League, its terrific story’…..

അബി കുരുവിളയുടെ വാക്കുകള്‍ കടമെടുത്താല്‍ പേസ് ബൗളറായി തുടങ്ങി, ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കല എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലെഗ് സ്പിന്നില്‍ നേട്ടങ്ങള്‍ കൊയ്ത ഇന്ത്യന്‍ വിസ്മയം….. ഇന്ത്യന്‍ ക്രിക്കറ്റ് ഉപയോഗപ്പെടുത്താതെ പോയ പലരില്‍ ഒരാള്‍. ഒരു പക്ഷേ കുംബ്ലെയുടെ കാലത്ത് കളിച്ച അനന്തനെപ്പോലെ, വെങ്‌സാര്‍ക്കറുടെ കാലത്ത് കളിച്ച ഭാസ്‌കര്‍ പിള്ളയെ പോലെ, IPL ഇല്ലായിരുന്നെങ്കില്‍ സായ് രാജ് ബഹുതുലെയുടെ നിഴലിലാവുമായിരുന്നു താംബേയും…. ജോണ്‍ ട്രൈക്കോസിനെയും ബ്രാഡ് ഹോഗിന്നെയും കുറിച്ച് പറയുന്നവരോട് നമുക്കും അഭിമാനത്തോടെ പറയാം, കംഗാം ലീഗിലും ടൈം ഷീല്‍ഡിലും ക്ലബ് ക്രിക്കറ്റിലുമെല്ലാം ഒരിക്കലും തളരാതെ പന്തെറിഞ്ഞ് , പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചു തന്ന പ്രവീണ്‍ താംബെയെക്കുറിച്ച് ….

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്

 

You Might Also Like