ലോകകപ്പിൽ ബെഞ്ച് ചെയ്യപ്പെട്ടതിനോട് റൊണാൾഡോ പ്രതികരിച്ചതെങ്ങിനെ, സഹതാരം വെളിപ്പെടുത്തുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിരാശപ്പെടുത്തിയ സമയത്തിന് ശേഷം ഖത്തർ ലോകകപ്പിനായി പോർച്ചുഗൽ ടീമിലെത്തുമ്പോൾ ക്ലബിലുണ്ടായ ക്ഷീണം തീർക്കാമെന്നാണ് റൊണാൾഡോ കരുതിയതെങ്കിലും അതല്ല സംഭവിച്ചത്. ഖത്തർ ലോകകപ്പിൽ ആദ്യത്തെ മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടിയ താരത്തിന് പിന്നീടൊരു മത്സരത്തിലും ഗോൾ കണ്ടെത്താനായില്ല. ഗ്രൂപ്പ് ഘട്ടത്തിന് ശേഷമുള്ള രണ്ടു മത്സരങ്ങളിലും റൊണാൾഡോ ആദ്യ ഇലവനിൽ ഉണ്ടായതുമില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലൊരു താരത്തെ നിർണായകമായ മത്സരത്തിൽ ബെഞ്ചിലിരുത്തിയ പരിശീലകന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു. പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായപ്പോൾ അതിനെതിരെ ലൂയിസ് ഫിഗോ അടക്കമുള്ളവർ സംസാരിക്കുകയും ചെയ്‌തു. എന്നാൽ ബെഞ്ചിലിരുന്നതിൽ അതൃപ്‌തി ഉണ്ടായിരുന്നെങ്കിലും റൊണാൾഡോ ടീമിനോട് സഹകരിക്കാൻ മടിയൊന്നും കാണിച്ചില്ലെന്നാണ് സഹതാരം വില്യം കാർവാലോ പറയുന്നത്.

“സങ്കീർണ്ണമായ സാഹചര്യമായിരുന്നു അത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്ന സമയത്താണ് താരം പോർച്ചുഗലിൽ എത്തിയത്. പക്ഷേ മാനേജർ താരത്തെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കി, ക്രിസ്റ്റ്യാനോ അതിൽ അസ്വസ്ഥനാകുന്നത് സാധാരണമാണ്. ഏതൊരു കളിക്കാരനും അങ്ങിനെയാകും. ആരും ബെഞ്ചിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല”

“ ബെഞ്ചിലായി പോയതിൽ റൊണാൾഡോ അസ്വസ്ഥനായിരുന്നു, പക്ഷേ താരം ടീമിനൊപ്പം തന്നെ നിന്നു. കളിക്കുന്നില്ലെങ്കിലും, എപ്പോഴും ഞങ്ങളെ സഹായിച്ചു. ക്രിസ്റ്റ്യാനോയുടെ പ്രശ്‌നങ്ങളിൽ നിന്നും എങ്ങനെ വേർപെട്ടു മുന്നോട്ടു പോകാമെന്ന് ടീമിന് അറിയാമായിരുന്നു, അത് ആരെയും ബാധിച്ചില്ല.” കാർവാലോ പറഞ്ഞു.

പോർച്ചുഗൽ പരിശീലകൻ സാന്റോസിനെ കുറിച്ച് നല്ല അഭിപ്രായമാണ് കാർവാലോ നടത്തിയത്. ടീമിന് വളരെയധികം നേട്ടങ്ങൾ അദ്ദേഹം ഉണ്ടാക്കിയെന്നു പറഞ്ഞ കാർവാലോ വളരെ മതിപ്പുണ്ടെന്നും പറഞ്ഞു. ലോകകപ്പിന് ശേഷം സാന്റോസ് ടീമിന്റെ സ്ഥാനം ഒഴിഞ്ഞിരുന്നു, റോബർട്ടോ മാർട്ടിനസാണ്‌ നിലവിലെ പരിശീലകൻ.

 

You Might Also Like