റൊണാൾഡോയുടെ അഭാവത്തിൽ പോർച്ചുഗൽ അഴിഞ്ഞാടി, ചരിത്രത്തിലെ ഏറ്റവും വലിയ വിജയം

യൂറോ 2026 യോഗ്യത മത്സരത്തിൽ ലക്‌സംബർഗിനെതിരെ വമ്പൻ വിജയം സ്വന്തമാക്കി പോർച്ചുഗൽ. കഴിഞ്ഞ ദിവസം സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒൻപതു ഗോളുകൾക്കാണ് പോർച്ചുഗൽ വിജയം സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും പോർച്ചുഗൽ മികച്ച വിജയം നേടിയിട്ടുണ്ട്. ഒരു ഒഫിഷ്യൽ മത്സരത്തിൽ പോർച്ചുഗൽ നേടുന്ന ഏറ്റവും വലിയ വിജയം കൂടിയാണിത്.

മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിൽ തന്നെ പോർച്ചുഗൽ ഗോൾവേട്ട തുടങ്ങി. സ്പോർട്ടിങ് ക്ലബിന്റെ യുവ പ്രതിരോധതാരമായ ഇനാക്കിയോയാണ് ടീമിന്റെ ഗോൾവേട്ടക്ക് തുടക്കമിട്ടത്. അതിനു പിന്നാലെ ഖത്തർ ലോകകപ്പിലെ ഹാട്രിക്ക് ഹീറോയായി ഗോൺകാലോ റാമോസ് ടീമിനായി രണ്ടു ഗോളുകൾ കൂടി നേടി. ഇടവേളക്ക് പിരിയും മുൻപ് ഇഞ്ചുറി ടൈമിൽ ഇനാക്കിയോ ഒരു ഗോൾ കൂടി നേടിയതോടെ മത്സരം പൂർണമായും പോർച്ചുഗലിന്റെ കയ്യിലായി.

രണ്ടാം പകുതിയിൽ ഡിയാഗോ ജോട്ടയിലൂടെ പോർച്ചുഗൽ വീണ്ടും മുന്നിലെത്തി. താരം മറ്റൊരു ഗോൾ കൂടി പിന്നീട് നേടിയപ്പോൾ ബ്രൂണോ ഫെർണാണ്ടസും പകരക്കാരായിറങ്ങിയ റിക്കാർഡോ ഹോർട്ട, ജോവോ ഫെലിക്‌സ് എന്നിവരാണ് ടീമിന്റെ മറ്റു ഗോളുകൾ നേടിയത്. മത്സരത്തിൽ മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ഒരു ഗോൾ നേടുകയും ചെയ്‌ത ബ്രൂണോ ഫെർണാണ്ടസിന്റെ പ്രകടനം വേറിട്ടു നിൽക്കുന്നതായിരുന്നുവെന്ന് പറയാതിരിക്കാനാവില്ല.

കഴിഞ്ഞ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മത്സരം നഷ്‌ടമായത്. എന്തായാലും താരത്തിന്റെ അഭാവം യാതൊരു വിധത്തിലും പോർച്ചുഗലിന്റെ ബാധിച്ചില്ലെന്നത് വ്യക്തമാണ്. യൂറോ യോഗ്യത ഗ്രൂപ്പിൽ ആറു മത്സരങ്ങൾ കളിച്ച് ആറിലും വിജയം സ്വന്തമാക്കിയ പോർച്ചുഗൽ ഇരുപത്തിനാലു ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

You Might Also Like