ക്യാപ്റ്റൻ ആംബാൻഡ് വലിച്ചെറിഞ്ഞതിനു വിമർശനം, ക്രിസ്ത്യാനോക്ക് പിന്തുണയുമായി പോർച്ചുഗൽ പരിശീലകൻ

സെർബിയക്കെതിരായി നടന്ന ലോകകപ്പ് യോഗ്യതാമത്സരത്തിൽ തന്റെ വിജയഗോൾ നിഷേധിച്ചതിനെതുടർന്ന് രോഷാകുലനായി ക്രിസ്ത്യാനോ തന്റെ ക്യാപ്റ്റൻ ആംബാൻഡ് വലിച്ചെറിഞ്ഞ സംഭവം വലിയ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ക്രിസ്ത്യാനോ തൊടുത്ത ഷോട്ട് ഗോൾ ലൈൻ കടന്ന പന്ത് സെർബിയൻ താരം മിത്രോവിച്ച് പുറത്തേക്ക് തട്ടിയിടുകയായിരുന്നു. റഫറി ഗോൾ നിഷേധിച്ചതിനു ദേഷ്യം പ്രകടിപ്പിച്ചതോടെ ക്രിസ്ത്യാനോക്കു മഞ്ഞക്കാർഡും ലഭിച്ചിരുന്നു.

അസർബൈജാനെതിരെ ഗോൾ നേടാനാവാത്തതിൽ നിരാശനായിരുന്ന ക്രിസ്ത്യാനോയുടെ സെർബിയക്കെതിരായ വിജയഗോളും നിഷേധിച്ചതോടെ തന്റെ നിരാശ ആംബാൻഡ് വലിച്ചെറിഞ്ഞു പ്രകടിപ്പിക്കുകയായിരുന്നു. വിമർശനങ്ങൾ ഉയർന്നുണ്ടെങ്കിലും ക്രിസ്ത്യാനോക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പോർച്ചുഗൽ പരിശീലകനായ ഫെർണാണ്ടോ സാന്റോസ്.
ലക്‌സംബർഗുമായുള്ള മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അതെ, അവൻ തന്നെയായിരിക്കും ഇനിയും എല്ലാകാലവും ആ ആംബാൻഡ് ധരിക്കുക. ക്രിസ്ത്യാനോ ഈ രാജ്യത്തിന്റെ തന്നെ മാതൃകയാണ്. ആലോചനാശൂന്യമായ പെരുമാറ്റത്തിലൂടെ ടീമിന്റെ മാനേജറെയോ സഹതാരത്തെയോ ഫെഡറഷനെയോ അവൻ അവഹേളിച്ചുവെങ്കിൽ ഞങ്ങൾ തന്നെ ആ സാഹചര്യത്തെക്കുറിച്ച് അഭിസംബോധനചെയ്ത് സംസാരിക്കുമായിരുന്നു. ഇതങ്ങനെയൊന്നും സംഭവിച്ചിട്ടേയില്ല.”

” അത് ഒരു വലിയ നിരാശ പ്രകടിപ്പിച്ച നിമിഷം മാത്രമായിരുന്നു. ഞങ്ങൾ സംസാരിക്കുന്നത് എപ്പോഴും ജയിക്കാൻ മാത്രം ആഗ്രഹിക്കുന്ന അജയ്യനായ ആ താരത്തേക്കുറിച്ച് തന്നെയാണ്. അവന്റെ പ്രതികരണം നല്ലതാണെന്നു ആരും പറയില്ലെങ്കിലും ക്രിസ്ത്യാനോ തന്നെയായിരിക്കില്ലേ ഇനിയും ക്യാപ്റ്റൻ എന്നതിൽ ഒരു ചർച്ചയുടെ ആവശ്യമില്ല. അത് എനിക്കു ഏറ്റവും വ്യക്തമായ ഒരു കാര്യമാണ്.” സാന്റോസ് പറഞ്ഞു.

You Might Also Like