ക്ലബിനൊപ്പം പോർച്ചുഗൽ ദേശീയ ടീമിനെയും പരിശീലിപ്പിക്കാൻ മൗറീന്യോക്ക് ക്ഷണം

ഖത്തർ ലോകകപ്പിൽ നിന്നുള്ള പോർച്ചുഗലിന്റെ പുറത്താകൽ തീർത്തും അപ്രതീക്ഷിതമായ ഒന്നായിരുന്നു. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്‌സർലണ്ടിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് കീഴടക്കി വമ്പൻ ഫോമിലാണെന്ന് കാണിച്ച ടീം ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങുകയായിരുന്നു. എല്ലാ പൊസിഷനിലും മികച്ച താരങ്ങളുണ്ടായ ടീമായിട്ടും മൊറോക്കോയുടെ പ്രതിരോധം പൊളിക്കാൻ പോർച്ചുഗലിന് കഴിഞ്ഞില്ല.

പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തു പോയതോടെ പരിശീലകനായ ഫെർണാണ്ടോ സാന്റോസ് പുറത്തു പോകുമെന്ന കാര്യത്തിലും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടെ പുതിയൊരു പരിശീലകനെ തേടുകയാണ് പോർച്ചുഗൽ ദേശീയ ടീം. റൊണാൾഡോയുടെ ഭാവി എന്താണെന്ന് അറിയില്ലെങ്കിലും മികച്ച യുവതാരങ്ങളുള്ള ടീമിനെ മുന്നോട്ടു നയിക്കാൻ കഴിവു തെളിയിച്ച ഒരു പരിശീലകനെ തന്നെയാണ് പോർച്ചുഗൽ തേടുന്നത്.

അതിനിടയിൽ ലോകഫുട്ബോളിലെ വമ്പൻ പരിശീലകരിൽ ഒരാളായ ഹോസെ മൗറീന്യോയെ പോർച്ചുഗൽ ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇറ്റാലിയൻ മാധ്യമം ഗസറ്റ ഡെല്ല സ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പോർട്ടോ, ഇന്റർ മിലാൻ തുടങ്ങിയ ടീമുകൾക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുകയും നാല് വ്യത്യസ്‌ത ലീഗ് കിരീടങ്ങൾ ഉയർത്തുകയും ചെയ്‌തിട്ടുള്ള മൗറീന്യോക്ക് പോർച്ചുഗലിനെ മികച്ചതാക്കാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനാണ് മൗറീന്യോ. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടം റോമക്ക് നേടിക്കൊടുത്ത മൗറീന്യോക്ക് ടീമിനെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുകയെന്ന ഉത്തരവാദിത്വം ഇപ്പോഴുണ്ട്. എന്നാൽ അതിനു കോട്ടം വരാത്ത രീതിയിൽ പോർച്ചുഗൽ ടീമിന്റെ പരിശീലകനായി നിൽക്കുമ്പോൾ തന്നെ റോമയുടെ മാനേജരായി അദ്ദേഹത്തിന് തുടരാൻ കഴിയുമെന്ന വ്യത്യസ്‌തമായ ഓഫറാണ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ മുന്നോട്ടു വെച്ചിരിക്കുന്നത്.

ക്ലബിനെയും ദേശീയ ടീമിനെയും ഒരുമിച്ച് പരിശീലിപ്പിക്കുകയെന്നത് ഒരു മാനേജറെ സംബന്ധിച്ച് തീർത്തും ദുഷ്‌കരമായ കാര്യമാണ്. എന്നാൽ മൗറീന്യോക്ക് ഇക്കാര്യത്തിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം ഇത് നടപ്പിൽ വരണമെങ്കിൽ റോമ കൂടി സമ്മതം മൂളേണ്ടി വരും. മൗറീന്യോയെ വെച്ച് വലിയൊരു പ്രോജക്റ്റ് മുന്നോട്ടു കൊണ്ടു പോകുന്ന അവർ അതിനു മുതിരാൻ യാതൊരു സാധ്യതയുമില്ല.

You Might Also Like