പോർച്ചുഗലിന് പുതിയ പരിശീലകൻ, ഇനി റോബർട്ടോ മാർട്ടിനസ് പറങ്കിപ്പടയെ നയിക്കും

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റു പുറത്തായതിനു പിന്നാലെ പരിശീലകസ്ഥാനമൊഴിഞ്ഞ ഫെർണാണ്ടോ സാന്റോസിനു പകരക്കാരനെ കണ്ടെത്തി പോർച്ചുഗൽ. സ്‌പാനിഷ്‌ പരിശീലകനായ റോബർട്ടോ മാർട്ടിനസിനെയാണ് അവർ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. ഇക്കാര്യം പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ ബെൽജിയം ടീമിന്റെ പരിശീലകനായിരുന്നു റോബർട്ടോ മാർട്ടിനസ്.

പോർച്ചുഗൽ ഫുട്ബോളിൽ എക്കാലവും തിളങ്ങി നിൽക്കുന്ന പേരാണ് മുൻ പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്റെത്. പോർച്ചുഗലിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രധാന കിരീടമായ 2016 യൂറോ കപ്പ് നേടുമ്പോൾ അദ്ദേഹമായിരുന്നു പരിശീലകൻ. അതിനു ശേഷം 2018-19 സീസണിൽ ടീമിന് പ്രഥമ യുവേഫ നേഷൻസ് ലീഗ് കിരീടവും അദ്ദേഹം സമ്മാനിച്ചു. എന്നാൽ ടീമിനു മികച്ച നേട്ടങ്ങൾ സ്വന്തമാക്കി നൽകുമ്പോഴും കളിക്കുന്ന രീതിയുടെ പേരിലും താരങ്ങളെ കൃത്യമായി ഉപയോഗിക്കാത്തതിന്റെ പേരിലും അദ്ദേഹം വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു.

സാന്റോസിനു ലഭിച്ച ഏറ്റവും മികച്ച പോർച്ചുഗൽ സ്ക്വാഡായിരുന്നു ഇത്തവണത്തേത്. ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയ പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ വമ്പൻ വിജയമാണ് നേടിയത്. എന്നാൽ ക്വാർട്ടർ ഫൈനലിൽ ലോകകപ്പിൽ അപ്രതീക്ഷിത കുതിപ്പ് കാണിച്ച മൊറോക്കോയോട് തോറ്റു ടീം പുറത്തായി. ഇതിനു ശേഷം നോക്ക്ഔട്ട് മത്സരങ്ങളിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിനു അദ്ദേഹത്തിനു നേരെ വിമർശനമുണ്ടായി. അതിനു പിന്നാലെ അദ്ദേഹം പുറത്തു പോവുകയും ചെയ്‌തു.

സാന്റോസിനു പകരക്കാരനായി മാർട്ടിനസ് എത്തുമ്പോൾ എന്ത് മാറ്റമാണ് പോർച്ചുഗൽ ടീമിന് സംഭവിക്കുകയെന്നറിയില്ല. 2016 മുതൽ 2022 വരെ ബെൽജിയം ടീം പരിശീലകനായിരുന്ന അദ്ദേഹത്തിന് ഏറ്റവും മികച്ച  ടീമിനെ ലഭിച്ചിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. 2018 ലോകകപ്പിൽ ബെൽജിയം മൂന്നാം സ്ഥാനത്തെത്തിയതു മാത്രമാണ് അദ്ദേഹത്തിന് കീഴിൽ ഉണ്ടാക്കിയ വലിയ നേട്ടം. ഈ ലോകകപ്പിൽ ബെൽജിയം ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോവുകയും ചെയ്‌തു.

സ്വാൻസി, വിഗാൻ അത്‌ലറ്റിക്, എവർട്ടൺ എന്നീ ഇംഗ്ലീഷ് ടീമുകളെ പരിശീലിപ്പിച്ചതിനു ശേഷമാണ് റോബർട്ടോ മാർട്ടിനസ് ബെൽജിയത്തിലെത്തുന്നത്. സ്വാൻസിക്കൊപ്പം ഫുട്ബോൾ ലീഗ് വണും വിഗാൻ അത്ലറ്റിക്കിനൊപ്പം എഫ്എ കപ്പും അദ്ദേഹം നേടിയിട്ടുണ്ട്. മികച്ച താരങ്ങൾ നിറഞ്ഞ ഒരു ടീമിനെ അദ്ദേഹത്തിന് എങ്ങിനെ ഉപയോഗിക്കാൻ കഴിയുമെന്ന് കണ്ടറിയാം.

You Might Also Like