തോല്‍വിയ്ക്ക് പിന്നാലെ കൂറ്റന്‍ പിഴയും, രോഹിത്ത് ഇതെങ്ങനെ സഹിയ്ക്കും

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനോടും തോറ്റ് തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യന്‍സിനെ തേടി മറ്റൊരു ദുഖ വാര്‍ത്ത കൂടി. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പഞ്ചാബ് കിംഗ്സിനെതിരെ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം രൂപ പിഴ വിധിച്ചു. കൂടാതെ ടീമംഗങ്ങള്‍ ആറ് ലക്ഷമോ മാച്ച് ഫീസിന്റെ 25%മോ പിഴ നല്‍കണം.

നേരത്തെ ഡല്‍ഹിക്കെതിരെ കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ രോഹിത്തിന് പിഴ ലഭിച്ചിരുന്നു. തെറ്റ് ആവര്‍ത്തിച്ചതിനാലാണ് പിഴ ശിക്ഷ ഇരട്ടിയായത്. വീണ്ടും ആവര്‍ത്തിച്ചാല്‍ ഒരു മത്സരത്തില്‍ രോഹിത്തിന് വിലക്ക് വന്നേക്കും.

അതേസമയം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ അഞ്ചാം തോല്‍വി നേരിട്ടു. ആവേശപ്പോരില്‍ പഞ്ചാബ് കിംഗ്സ് 12 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 198 റണ്‍സ് പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 186 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

നായകന്‍ രോഹിത് ശര്‍മ്മ 28ഉം ഇഷാന്‍ കിഷന്‍ മൂന്നും റണ്‍സില്‍ പുറത്തായി. ഡിവാള്‍ഡ് ബ്രെവിസ് (49), സൂര്യകുമാര്‍ യാദവ് (43) എന്നിവര്‍ തിളങ്ങിയെങ്കിലും ജയിപ്പിക്കാനായില്ല. തിലക് വര്‍മ്മ 20 പന്തില്‍ 36 റണ്‍സെടുത്തു. കീറോണ്‍ പൊള്ളാര്‍ഡ് 10 റണ്ണില്‍ മടങ്ങി. നാല് വിക്കറ്റ് വീഴ്ത്തിയ ഒഡേണ്‍ സ്മിത്തും രണ്ട് വിക്കറ്റ് നേടിയ കഗിസോ റബാദ പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങി. അനവസരത്തിലുളള രണ്ട് റണ്ണൗട്ടുകളാണ് മുംബൈയ്ക്ക് തിരിച്ചടിയായത്.

നേരത്തെ ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ ഇന്നിംഗ്സാണ് പഞ്ചാബിന് തുണയായത്. ഗംഭീര തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയര്‍‌സ്റ്റോ 12ഉം ലിയാം ലിവിംഗ്സ്റ്റണ്‍ രണ്ടും റണ്‍സെടുത്ത് പുറത്തായപ്പോള്‍ 15 പന്തില്‍ 30 റണ്‍സെടുത്ത ജിതേഷ് ശര്‍മ്മയുടെയും ആറ് പന്തില്‍ 15 റണ്‍സെടുത്ത ഷാരൂഖ് ഖാന്റെയും വെടിക്കെട്ട് നിര്‍ണായകമായി.

You Might Also Like