വർഷങ്ങളായി ഈ അവാർഡുകൾ നേടാത്തവർക്ക് അതൊക്കെ തോന്നും, റൊണാൾഡോയെ കളിയാക്കി അർജന്റീന താരം

ഏതാനും ദിവസങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഗ്ലോബ് സോക്കർ അവാർഡ് നേടിയ ചടങ്ങിന് ശേഷം ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് അവാർഡുകളിൽ ഇപ്പോൾ തനിക്ക് വിശ്വാസമില്ലെന്ന് താരം തുറന്നടിച്ചിരുന്നു. ഇത് കഴിഞ്ഞ ബാലൺ ഡി ഓർ, ഫിഫ ബെസ്റ്റ് പുരസ്‌കാരം നേടിയ ലയണൽ മെസിക്കെതിരെയുള്ള ഒളിയമ്പായി പലരും കണക്കാക്കി.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫിഫ ബെസ്റ്റ്, ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾക്ക് വിശ്വാസ്യത നഷ്‌ടമായി എന്നും താനിപ്പോൾ ഈ പുരസ്‌കാരങ്ങളിൽ വിശ്വസിക്കുന്നില്ലെന്നുമാണ് റൊണാൾഡോ പറഞ്ഞത്. അതേസമയം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിനുള്ള പുരസ്‌കാരം അതുപോലെയല്ലെന്നും അത് തന്നിൽ നിന്നും മറ്റൊരാൾക്കും സ്വന്തമാക്കാൻ കഴിയില്ല എന്നതിനാൽ കൂടുതൽ മൂല്യമുണ്ടെന്നും റൊണാൾഡോ പറഞ്ഞു.

അതേസമയം റൊണാൾഡോയുടെ വാക്കുകൾക്ക് നല്ലൊരു മറുപടി നൽകിയിരിക്കുകയാണ് അർജന്റീന താരമായ ലിയാൻഡ്രോ പരഡെസ്. റൊണാൾഡോ പറഞ്ഞത് പെപ്പെ ബാർബർഷോപ്പിനെ കുറ്റം പറയുന്നതു പോലെയാണെന്നാണ് താരം പറഞ്ഞത്. റൊണാൾഡോ കുറെക്കാലമായി ഈ പുരസ്‌കാരങ്ങൾ നൽകുന്നതിന്റെ അടുത്തുകൂടി പോകാത്തതിനാലാണ് ഇങ്ങിനെ തോന്നുന്നതെന്നാണ് പരഡെസ് ഉദ്ദേശിച്ചത്.

എന്തായാലും ഒരുപാട് നാളുകൾക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള പോരാട്ടം വാർത്തകളിൽ നിറഞ്ഞ ദിവസങ്ങളായിരുന്നു ഇത്. ഇനി കളിക്കളത്തിലും അവർ തമ്മിലുള്ള പോരാട്ടം വരാനിരിക്കുന്നുണ്ട്. റിയാദ് സീസൺ കപ്പിൽ മെസിയുടെ ഇന്റർ മിയാമിയും റൊണാൾഡോയുടെ അൽ നസ്‌റും തമ്മിൽ ഫെബ്രുവരി ഒന്നിനാണ് മത്സരം നടക്കുന്നത്.

You Might Also Like