സിംബാബ്‌വെ വേട്ടക്കിറങ്ങി, പാകിസ്ഥാനെ വിറപ്പിച്ച് ക്രിക്കറ്റിലെ കുഞ്ഞന്‍മാര്‍

സിംബാബ്‌വെയ്‌ക്കെതിരെ ആദ്യ ടി20യില്‍ പാകിസ്ഥാന്‍ ജയം കൊണ്ട് രക്ഷപ്പെട്ടു. ക്രിക്കറ്റിലെ ദുര്‍ബല രാജ്യമായി അറിയപ്പെടുന്ന സിംബാബ്‌വെ ടീമിനെതിരെ 11 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‌വെയ്ക്കും അത്രയും തന്നെ വിക്കറ്റുകളുടെ നഷ്ടത്തില്‍ 138 റണ്‍സ് നേടാനായുള്ളു.

61 പന്തില്‍ പുറത്താകാതെ 81 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍ ആണ് വന്‍ നാണക്കേടില്‍ നിന്ന് പാകിസ്ഥാനെ രക്ഷിച്ചത്. മറ്റാര്‍ക്കും 15ന് മുകളിലുള്ള സ്‌കോര്‍ നേടാനായിരുന്നില്ല. സിംബാബ്‌വേയ്ക്ക് വേണ്ടി ലൂക്ക് ജോംഗ്വീയും വെസ്ലി മാധവേരെയും രണ്ട് വീതം വിക്കറ്റ് നേടി.

നായകന്‍ ബാബര്‍ അസം രണ്ട് റണ്‍സിന് പുറത്തായപ്പോള്‍ സൂപ്പര്‍ താരം ഫഖര്‍ സമാന് 13 റണ്‍സെടുക്കാനെ ആയുള്ളു. മുഹമ്മദ് ഹഫീസ് അഞ്ച് റണ്‍സെടുത്ത് പുറത്തായി.

21/2 എന്ന നിലയിലേക്ക് വീണ സിംബാബ്‌വേയെ മൂന്നാം വിക്കറ്റില്‍ ക്രെയിഗ് ഇര്‍വിനും തിനാഷേ കമുന്‍ഹുകാംവേയും 56 റണ്‍സ് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഇരുവരെയും മൂന്ന് പന്തുകള്‍ക്കിടെ നഷ്ടമായതോടെ സിംബാബ്‌വേയുടെ നില പരുങ്ങലിലായി.

തിനാഷേ 29 റണ്‍സും ക്രെയിഗ് 34 റണ്‍സുമാണ് നേടിയത്. തുടര്‍ന്ന് അവസാന ഓവറില്‍ പുറത്താകാതെ ലൂക്ക് 23 പന്തില്‍ നിന്ന് 30 റണ്‍സ് നേടിയെങ്കിലും 138 റണ്‍സ് മാത്രമേ സിംബാബ്‌വേയ്ക്ക് നേടാനായുള്ളു. ഉസ്മാന്‍ ഖാദിര്‍ മൂന്നും മുഹമ്മദ് ഹസ്‌നൈന്‍ രണ്ടും വിക്കറ്റാണ് പാക്കിസ്ഥാനായി നേടിയത്.

You Might Also Like