ഏഷ്യകപ്പ് ടീമില്‍ നാടകീയ മാറ്റം, സൂപ്പര്‍ താരത്തെ തിരിച്ചുവിളിച്ചു

ഏഷ്യകപ്പിനൊരുങ്ങുന്ന 17 അംഗ പാകിസ്ഥാന്‍ ടീമിലേക്ക് യുവ ബാറ്റര്‍ സൗദ് ഷക്കീലിനെ കൂടി ഉള്‍പ്പെടുത്തി. പാക് ടീമിലുണ്ടായിരുന്ന ത്വയ്യിബ് താഹിറിന് പകരക്കാരനായാണ് ഇടംകൈയ്യന്‍ ബാറ്റര്‍ കൂടിയായ സൗദ് ഷക്കീലിനെ സ്വകാഡില്‍ ഉള്‍പ്പെടുത്തിയത്. ത്വയ്യിബ് താഹിര്‍ ട്രാവലിംഗ് ബാക്ക് അപ്പ് ആയി ടീമിനൊപ്പമുണ്ടാകും.

പാകിസ്ഥാനായി ആറ് ഏകദിന മത്സരം മാത്രം കളിച്ചിട്ടുളള താരമാണ് സൗദ് ഷക്കീല്‍. പാകിസ്ഥാന്റെ അഫ്ഗാനെതിരായ ഏകദിന പരമ്പരയില്‍ സൗദ് ഷക്കീല്‍ ടീമിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ സൗദ് ഷക്കീല്‍ കളിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ മികച്ച തുടക്കത്തിന് ശേഷം ഒന്‍പത് റണ്‍സ് എടുത്ത് നില്‍ക്കെ ഷക്കീല്‍ ദൗര്‍ഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു.

പാകിസ്ഥാന്റെ ശ്രീലങ്കന്‍ ടെസ്റ്റ് പര്യടനത്തിലാണ് സൗദ് ഷക്കീലിനെ ലോകം ശ്രദ്ധിച്ചത്. 28കാരനായ ഷക്കീല്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കാന്‍ കാരണമായത് ഷക്കീലിന്റെ ബാറ്റിംഗ് പ്രകടനമായിരുന്നു.

ഏകദിനത്തില്‍ അഞ്ച് ഇന്നിംഗ്‌സ് മാത്രം കളിച്ചിട്ടുളള ഷക്കീല്‍ ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 76 റണ്‍സാണ് ആകെ നേടിയിട്ടുളളത്. ഇംഗ്ലണ്ടിനെതിരെ നേടിയ 56 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സൗദ് ഷക്കീല്‍ വരുന്നതോടെ റിസര്‍വ്വ് ബെഞ്ചിലേക്ക് പോയ ത്വയ്യിബ് ത്വാഹിര്‍ ഇതുവരെ പാകിസ്ഥാനായി ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല. മൂന്ന് ടി20 മത്സരങ്ങള്‍ താഹിര്‍ പാകിസ്ഥാനായി കളിച്ചിട്ടുണ്ട്.

അഫ്ഗാനെതിരെ കൊളംമ്പോയില്‍ നടന്ന ഏകദിന പരമ്പര 3-0ത്തിനാണ് പാകിസ്ഥാന്‍ തൂത്തുവാരിയത്. മൂന്നാം ഏദിനത്തില്‍ 59 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 269 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ അഫ്ഗാനിസ്ഥാന്‍ 209 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ മുഹമ്മദ് റിസ് വാന്‍ ആണ് കളിയിലെ താരം. ഇമാമുല്‍ ഹഖ് പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.

You Might Also Like