മുകേഷ് കുമാറിനെ പരസ്യമായി അപമാനിച്ച് കുല്‍ദീപ്, ഇടപെട്ട് റിഷഭ് പന്ത്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ ജയമാണല്ലോ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ഡല്‍ഹി ബൗളര്‍മാര്‍ ഗുജരാത്തിനെ 89 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ 8.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ഈ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു. മത്സരത്തിനിടെ നാടകീയമായ ഒരു സംഭവം നടന്നു.

റണ്ണൗട്ടവസരം പാഴാക്കിയ മുകേഷ് കുമാറിനെ ഡല്‍ഹിയുടെ തന്നെ സ്പിന്നര്‍ കുല്‍ദീപ് യാദവ് അസഭ്യം പറഞ്ഞതാണ് സംഭവം. ഗുജറാത്ത് ബാറ്റിങ്ങിന്റെ എട്ടാം ഓവറിലാണ് സംഭവം. കുല്‍ദീപ് യാദവ് രാഹുല്‍ തെവാത്തിയക്കെതിരേ പന്തെറിഞ്ഞു. തെവാത്തിയ പ്രതിരോധിച്ച പന്തില്‍ സിംഗളിനായി നോണ്‍സ്ട്രൈക്കില്‍ നിന്ന അഭിനവ് മനോഹര്‍ ഓടിയെത്തി. എന്നാല്‍ തെവാത്തിയ ക്രീസ് വിട്ട് ഇറങ്ങിയിരുന്നില്ല.

റണ്ണൗട്ടവസരം ലഭിച്ചെങ്കിലും മുകേഷിന്റെ ത്രോ കൃത്യമായിരുന്നില്ല. കുല്‍ദീപിന്റെ കൈയിലേക്ക് കൃത്യമായി പന്ത് കൊടുക്കാന്‍ മുകേഷിന് സാധിച്ചില്ല. ഇതിന് പിന്നാലെയാണ് നിയന്ത്രണം വിട്ട കുല്‍ദീപ് മുകേഷിനോട് ചൂടായതും അസഭ്യം പറഞ്ഞതും.

‘നിനക്ക് വട്ടാണോ അതോ മറ്റെന്തെങ്കിലുമാണോ’ എന്നാണ് കുല്‍ദീപ് പൊട്ടിത്തെറിച്ചത്. അപ്രതീക്ഷിതമായി കുല്‍ദീപ് ദേഷ്യപ്പെട്ടത് സഹതാരങ്ങളെ പോലും ഞെട്ടിച്ചു.

മുകേഷ് ഒന്നും പറയാതെ കുല്‍ദീപിനെ നോക്കി നില്‍ക്കുകയാണ് ചെയ്തത്. ഫീല്‍ഡിങ്ങിനിടെ സംഭവിക്കുന്ന സ്വാഭാവികമായ അബദ്ധമാണിത്. നിരവധി തവണ കുല്‍ദീപ് ഇതിലും വലിയ അബദ്ധങ്ങള്‍ ഫീല്‍ഡിങ്ങില്‍ വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെറിയൊരു അബദ്ധത്തിന് കുല്‍ദീപ് മുകേഷിനെ അപമാനിച്ചത് എല്ലാവരേയും അത്ഭുതപ്പെടുത്തി.

പിന്നാലെ നായകന്‍ റിഷഭ് പ്രശ്നത്തില്‍ ഇടപെട്ടു. കുല്‍ദീപിന്റെ തോളില്‍ കൈയിട്ടാണ് റിഷഭ് സംസാരിച്ചത്. റിഷഭിന്റെ വാക്കുകള്‍ കേട്ട് കുല്‍ദീപ് ഒന്നുംമിണ്ടാതെ തിരിച്ചുനടക്കുകയായിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് കുല്‍ദീപിനെതിരേ ഉയരുന്നത്. ഇന്ത്യന്‍ ടീമിലെ സഹതാരമാണെന്ന് പോലും നോക്കാതെയാണ് കുല്‍ദീപ് മുകേഷിനെ അധിക്ഷേപിച്ചത്. കുല്‍ദീപിന്റെ കളത്തിലെ പെരുമാറ്റം മോശമാണെന്നും ശാന്തതയോടെ പെരുമാറണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

 

You Might Also Like