ടി20യില്‍ ഡബിള്‍ സെഞ്ച്വറിയുമായി മലയാളി താരം, ഗെയിലിന്റെ റെക്കോര്‍ഡ് തകര്‍ന്നു

Image 3
CricketCricket News

ടി20 ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടി വാര്‍ത്ത ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു മലയാളി യുവതാരം. ആമ്പല്ലൂര്‍ അളഗപ്പനഗര്‍ എന്‍ടിസി മില്‍ മൈതാനത്ത് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ബി ഡിവിഷന്‍ മത്സരത്തിലാണ് ടി20യിലെ ആദ്യ ഇരട്ട സെഞ്ച്വറി പിറന്നത്.

പെരുമ്പിലാവ് സ്വദേശി പ്രിന്‍സ് ആലപ്പാട്ട് എന്ന 35 കാരനാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകൃത ട്വന്റി20 മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയെന്ന അപൂര്‍വനേട്ടം കരസ്ഥമാക്കിയത്. തൃശ്ശൂര്‍ ഒക്ടോപാല്‍സ് ക്ലബ്ബും ഉദ്ഭവ് സ്‌പോര്‍ട്സ് ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു പ്രിന്‍സിന്റെ ഈ അമ്പരപ്പിക്കുന്ന പ്രകടനം.

ഒക്ടോപാല്‍സിനു വേണ്ടി ഓപ്പണറായി ബാറ്റു ചെയ്യാനിറങ്ങിയ പ്രിന്‍സ് 73 പന്തില്‍ 15 സിക്‌സും 23 ഫോറുമുള്‍പ്പെടെ 200 റണ്‍സ് നേടി. 19 -ാം ഓവറില്‍ രണ്ടാം പന്തിലാണ് പ്രിന്‍സ് ഇരട്ട സെഞ്ചുറി തികച്ചത്. മത്സരം ഒക്ടോപാല്‍സ് 122 റണ്‍സിന് വിജയിക്കുകയും ചെയ്തു.

ഐപിഎല്ലില്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ നേടിയ 175 റണ്‍സാണ് നിലവില്‍ അംഗീകൃത ട്വന്റി-20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. പ്രിന്‍സിന്റെ പ്രകടനത്തോടെ ഗെയ്ലിന്റെ റെക്കോഡ് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.