ഇന്നിംഗ്‌സ് തോല്‍വിയുമായി നാണംകെട്ട് ഇന്ത്യ, കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ 163 റണ്‍സ് ലീഡ് വഴങ്ങി ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ കേവലം 131 റണ്‍സിന് പുറത്താകുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ച് നിന്നത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലെത്തി.

കോഹ്ലി 82 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതം 76 റണ്‍സാണ് നേടിയത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം 2000 റണ്‍സ് തികയ്ക്കുന്ന താരമായി കോഹ്ലി മാറി. 37 പന്തില്‍ ആറ് ഫോരടക്കം 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് രണ്ടക്കം കടന്ന മറ്റൊരു ഇന്ത്യന്‍ ബാറ്റര്‍. മറ്റെല്ലാവരും ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് തിരിപ്പണമാകുകയായിരുന്നു.

യശ്വസി ജയ്‌സാള്‍ (5), രോഹിത്ത് ശര്‍മ്മ (0), ശ്രേയസ് അയ്യര്‍ (6), കെഎല്‍ രാഹുല്‍ (4), രവിചന്ദ്ര അശ്വിന്‍ (0), ഷാര്‍ദുല്‍ താക്കൂര്‍ (2), ജസ്പ്രിത് ഭുംറ (0), മുഹമ്മദ് സിറാജ് (4), പ്രസിദ്ധ് കൃഷ്ണ (0*) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം.

ദക്ഷിണാഫ്രിക്കയ്ക്കായി നേ്രന്ദ ബര്‍ഗര്‍ 10 ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മാര്‍ക്കോ ജാന്‍സണ്‍ 7.1 ഓവറില്‍ 36 റണ്‍സ് വഴങ്ങി മൂന്നും കഗിസോ റബാഡ 12 ഓവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 245 റണ്‍സിന് മറുപടിയായി ദക്ഷിണാഫ്രിക്ക 408 റണ്‍സാണ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ഡീന്‍ എല്‍ഗാര്‍ തകര്‍പ്പന്‍ സെഞ്ച്വറിയും മാര്‍ക്കോ ജാന്‍സനും ഡേവിഡ് ബെഡിംഗ്ഹാമും അര്‍ധ സെഞ്ച്വറിയും നേടി.

അഞ്ചിന് 256 റണ്‍സ് എനന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്കായി ആറാം വിക്കറ്റില്‍ മാര്‍ക്കോ ജാന്‍സനും ഡീന്‍ എല്‍ഗാറും ചേര്‍ന്ന് 111 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. 287 പന്തില്‍ 28 ഫോറടക്കം 185 റണ്‍സ് അടിച്ച് കൂട്ടിയതിന് ശേഷമാണ് എല്‍ഗാര്‍ പുറത്തായത്. ഷാര്‍ദുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. ശേഷം ക്രീസിലെത്തിയ ജെറാള്‍ഡ് കോട്‌സി 19 പന്തില്‍ 19 റണ്‍സെടുത്ത് അശ്വിന് മുന്നില്‍ കീഴടങ്ങി.

എന്നാല്‍ മാര്‍ക്കോ ജാന്‍സണ്‍ കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. 147 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 84 റണ്‍സാണ ജാന്‍സണ്‍ നേടിയത്. കഗിസോ റബാഡ (1), ബര്‍ഗര്‍ (0) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെമ്പബവുമ പരിക്കേറ്റതിനാല്‍ ബാറ്റിംഗിനിറങ്ങാത്തത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

ഇന്ത്യയ്ക്കിയ ജസ്പ്രിത് ഭുംറ 26.4 ഓവറില്‍ 69 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷാര്‍ദുല്‍താക്കൂര്‍ പ്രസിദ്ധ് കൃഷ്ണ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 245 റണ്‍സാണ് നേടിയത്. കെഎല്‍ രാഹുലിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യ 200 കടന്നത്. ഇന്ത്യ വിയര്‍ക്കുന്നു

 

You Might Also Like