അവന്‍ ടീം ഇന്ത്യയില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു, തുറന്നടിച്ച് ദ്രാവിഡ്

ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയിലേക്കുളള ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ അര്‍ഹതയുണ്ടായ ഒരു താരത്തെ ചൂണ്ടികാട്ടി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിത് ശരിയായില്ലെന്നാണ് ദ്രാവിഡ് തുറന്ന് പറഞ്ഞത്.

രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, മുഹമ്മദ് ഷമിയുള്‍പ്പെടെയുള്ള താരങ്ങള്‍ പരിക്കു മാറി ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയപ്പോള്‍ കുല്‍ദീപിനെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു ടെസ്റ്റ് പരമ്പരകളിലും അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും ചുരുക്കം അവസരങ്ങള്‍ മാത്രമേ ലഭിച്ചുള്ളൂ.

അതെസമയം ഇന്ത്യയുടേത് വളരെ സന്തുലിതമായ ടീമാണെന്നു ദ്രാവിഡ് വിലയിരുത്തി. 20 പേരുള്‍പ്പെടുന്ന സംഘമാണിത്. അര്‍ഹതയുണ്ടായിട്ടും ടീമിലെത്താതെ പോയ ഒരേയൊരാള്‍ കുല്‍ദീപ് യാദവാണ്. കുറച്ചു കാലമായി അദ്ദേഹത്തിന് അവസരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങളും കുല്‍ദീപിനെ പിന്നിലാക്കി. എത്ര മാത്രം സന്തുലിതമായ ടീമാണ് തങ്ങള്‍ക്കു വേണ്ടതെന്നു ഇന്ത്യക്കു വ്യക്തതയുണ്ടെന്നും ദ്രാവിഡ് വിശദമാക്കി.

അശ്വിന്‍, ജഡേജ എന്നിവരുടെ സാന്നിധ്യം ബാറ്റിങിലും ഇന്ത്യക്കു മുതല്‍ക്കൂട്ടാവും. ഇവര്‍ക്കു ബാക്കപ്പായി അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ട്. ഏതു ദിശയിലേക്കാണ് പോവേണ്ടത് എന്ന കാര്യത്തില്‍ ടീമിനു കൃത്യമായ ധാരണയുണ്ട്. ഇതു ഇന്ത്യയുടെ ബാറ്റിങിനെ കൂടുതല്‍ കരുത്തുറ്റതാക്കും. സംഘത്തിലെ നാലു ഫിംഗര്‍ സ്പിന്നര്‍മാരും ഇക്കാര്യത്തില്‍ സഹായിക്കുന്നവരാണ്. ഇന്ത്യയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുമ്പ് തന്നെ തങ്ങളുടെ ഏറ്റവും മികച്ച ഇലവനെക്കുറിച്ച് ഇന്ത്യക്കു കൃത്യമായ ധാരണയുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

2019ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു കുല്‍ദീപ്. ഈ കാലയളവില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറും അദ്ദേഹമായിരുന്നു. ടെസ്റ്റില്‍ രണ്ടു അഞ്ച് വിക്കറ്റ് നേട്ടമുള്‍പ്പെടെ ഏഴു മല്‍സരങ്ങളില്‍ നിന്നും 26 വിക്കറ്റുകള്‍ കുല്‍ദീപ് വീഴ്ത്തിയിട്ടുണ്ട്.

You Might Also Like