ആർക്കും വേണ്ടാതെ ഈഡൻ ഹസാർഡ്, റയൽ മാഡ്രിഡ് വിട്ട താരത്തിന് ഓഫറുകളില്ല

ഒരു കാലത്ത് ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു ഈഡൻ ഹസാർഡ്. ചെൽസിയിൽ മിന്നുന്ന പ്രകടനം നടത്തിയിരുന്ന താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയതോടെ കരിയറിൽ വലിയൊരു വളർച്ചയിലേക്കാണ് താരം പോകുന്നതെന്ന് ഏവരും കരുതി. എന്നാൽ പ്രതീക്ഷകൾക്ക് വിരുദ്ധമായി റയൽ മാഡ്രിഡിനൊപ്പം ഒരിക്കൽപ്പോലും തന്റെ പ്രതിഭ പുറത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ബെൽജിയൻ താരത്തിനുണ്ടായത്.

അമിതഭാരവുമായി 2019ൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഈഡൻ ഹസാർഡിനു പരിക്കുകൾ തുടർച്ചയായി തിരിച്ചടി നൽകി. അതിനു പുറമെ ഫോം നഷ്‌ടം കൂടിയായപ്പോൾ റയൽ മാഡ്രിഡിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിന് സ്ഥാനം. കഴിഞ്ഞ സീസണിൽ ആകെ ആറു മത്സരങ്ങളിൽ മാത്രമാണ് താരം കളിക്കാനിറങ്ങിയിട്ടുള്ളത്. സീസൺ അവസാനിച്ചതോടെ ഹസാർഡ് റയൽ വിടുകയും ചെയ്‌തു.

ഒരു വർഷം കരാർ ബാക്കി നിൽക്കെയാണ് ഈഡൻ ഹസാർഡ് റയൽ മാഡ്രിഡ് വിട്ടത്. താരത്തിന് നൽകിയിരുന്ന വമ്പൻ പ്രതിഫലത്തിൽ നിന്നും അതോടെ റയൽ മാഡ്രിഡിന് മോചനമായി. അതേസമയം റയൽ മാഡ്രിഡ് വിട്ട ഈഡൻ ഹസാർഡിന്റെ ഭാവി എന്താകുമെന്ന് ഇതുവരെയും തീരുമാനമായിട്ടില്ല. മുപ്പത്തിരണ്ടു വയസുള്ള താരത്തിനായി ഇതുവരെ ഒരു ക്ലബും രംഗത്തു വന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൗദി അറേബ്യൻ ക്ലബുകളുമായും ലയണൽ മെസി ചേക്കേറിയ ഇന്റർ മിയാമിയുമായെല്ലാം ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഹസാർഡ് ഇപ്പോഴും ഫ്രീ ഏജന്റായി തുടരുകയാണ്. റയൽ മാഡ്രിഡിൽ നാല് സീസണിൽ 76 മത്സരങ്ങൾ മാത്രം കളിച്ച താരം ഏഴു ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്. അതുകൊണ്ടു തന്നെ യൂറോപ്പിലെ വമ്പൻ ക്ലബുകളൊന്നും താരത്തെ പരിഗണിക്കാനുള്ള സാധ്യതയില്ല.

You Might Also Like