കണ്ണുതള്ളുന്ന കോടികള്‍ മുടക്കി സ്വന്തമാക്കിയ നിഷു കുമാറിന് എന്താണ് പ്രത്യേകത? ഇതാ ഉത്തരം

Image 3
Uncategorized

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ സൈനിംഗ് ബംഗളൂരു താരം നിഷുകുമാറാണ്. ഏകദേശം 5 കോടി രൂപ മുടക്കിയാണ് ബ്ലാസ്റ്റേഴ്സ് ഈ പ്രതിരോധ താരത്തെ ടീമിലെത്തിച്ചത്. എന്തുകൊണ്ടാണ് ബ്ലാസ്റ്റേഴ്സ്് നിഷുകുമാറിനായി ഇത്തരത്തില്‍ ഒരു മോഹവില കാടുത്തത്. 22 വയസ്സുളള നിഷുകുമാറിനെ കുറിച്ച് ചില കാര്യങ്ങളറിയുമ്പോള്‍ ആ അമ്പരപ്പ് മാറിക്കോളും.

ഫുട്ബോളില്‍ രണ്ട് വിംഗുകളിലും ഒരേപോലെ കളിക്കാന്‍ കഴിവുളള അപൂര്‍വ്വ പ്രതിരോധ താരമാണ് നിഷുകുമാര്‍. ചണ്ഡീഗഡ് ഫുട്ബോള്‍ അക്കാഡമിയുടെ കണ്ടെത്തലായ ഈ യുവതാരം 2015ല്‍ തന്റെ 16ാം വയസ്സിലാണ് ബംഗളൂരു എഫ്സിയിലെത്തിയത്. ആ വര്‍ഷം തന്നെ എഎഫ്സി കപ്പില്‍ മ്യാന്‍മര്‍ ക്ലബിനെതിരെ നിഷു ബംഗളൂരുവിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. മോഹന്‍ ബഗാനെതിരെയായിരുന്നു നിഷു കുമാറിന്റെ ഐ ലീഗ് അരങ്ങേറ്റം.

ആല്‍ബര്‍ട്ട് റോക്കയില്‍ നിന്നും കാര്‍ലെസ് ക്വാഡ്റാറ്റ് ബംഗളൂരു എഫ് സിയുടെ മുഖ്യ പരിശീലക ചുമതലയേറ്റെടുത്തതോടെ താരത്തെ തേടി വീണ്ടും നിരവധി അവസരങ്ങളെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ് സിയുടെ സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ ആയി മാറിയ നിഷു കുമാറിനെ ദേശീയ ടീമിന്റെ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ അമാനില്‍ ജോര്‍ദാനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നിഷു കുമാര്‍ ഇന്ത്യയ്ക്കായി ഗോളും നേടി അമ്പരപ്പിച്ചു.

ഫുള്‍ ബാക്ക് ആണെങ്കിലും വിംഗുകളിലൂടെ കുതിച്ചെത്താനും ലോങ്ങ് റേഞ്ച് ഷോട്ടുകള്‍ എടുക്കാനും ഉളള കഴിവാണ് നിഷുവിനെ വ്യത്യസ്തനാക്കുന്നത്. എതിരാളിയെ മാര്‍ക്ക് ചെയ്യുന്നതിലും ടാക്ലിങ്ങിലും ഏരിയല്‍ ബോളുകളിലും മികവ് പുലര്‍ത്തുന്ന താരമാണ് നിഷു കുമാര്‍.

ഈ സീസണിന്റെ അവസാനം ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിങ് ബാക്ക് പൊസിഷനില്‍ കളിച്ചിരുന്ന മുഹമ്മദ് റാകിപ് ടീം വിട്ടപ്പോഴാണ് പകരക്കാരനെ തേടി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. കരാര്‍ അവസാനിച്ച റാകിപിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് താല്പര്യം ഉണ്ടായിരുന്നു. വമ്പന്‍ ഓഫര്‍ നല്‍കിയെങ്കിലും റാകിപ് സ്വന്തം ഇഷ്ടപ്രകാരം മുംബൈ സിറ്റി എഫ് സിയിലേക്ക് മാറുകയായിരുന്നു. ഇതോടെയായിരുന്നു റാകിപിന് പകരം നിഷുവിനെ വലിയ ഓഫര്‍ നല്‍കി ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്.