ബ്രസീലിനെ നയിക്കാൻ സുൽത്താനുണ്ടാകില്ല, നെയ്‌മർ കോപ്പ അമേരിക്കയിൽ നിന്നും പുറത്ത്

ബ്രസീൽ ആരാധകർക്ക് വലിയ നിരാശ നൽകി അടുത്ത വർഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ നിന്നും സൂപ്പർതാരം നെയ്‌മർ പുറത്ത്. ബ്രസീൽ ടീമിന്റെ ഡോക്ടർ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കുന്ന ടൂർണമെന്റിന്റെ സമയത്തേക്ക് നെയ്‌മർ പരിക്കിൽ നിന്നും മോചിതനാകാൻ സാധ്യതയില്ലെന്നും താരം കോപ്പ അമേരിക്ക കളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബർ തുടക്കത്തിലാണ് നെയ്‌മർ പരിക്കേറ്റു പുറത്തു പോകുന്നത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായ്‌ക്കെതിരെ നടന്ന മത്സരത്തിനിടയിൽ പരിക്കേറ്റു കരഞ്ഞു കൊണ്ടാണ് താരം കളിക്കളം വിട്ടത്. നെയ്‌മറുടെ പരിക്ക് ഗുരുതരമായ ഒന്നാണെന്ന് അപ്പോൾ തന്നെ അറിയാമായിരുന്നെങ്കിലും കോപ്പ അമേരിക്ക ടൂർണമെന്റിൽ താരം കളിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ആ പ്രതീക്ഷകൾ ഇപ്പോൾ പൂർണമായും അവസാനിച്ചിരിക്കുകയാണ്.

ബ്രസീലിനെ സംബന്ധിച്ച് കണത്തെ നിരാശയാണ് നെയ്മറുടെ പരിക്ക് സമ്മാനിക്കുന്നത്. മുന്നേറ്റനിരയിൽ മികച്ച താരങ്ങൾ നിരവധിയുണ്ടെങ്കിലും ടീമിന്റെ നെടുന്തൂണായി കളിച്ചിരുന്നത് നെയ്‌മർ തന്നെയാണ്. നെയ്‌മർ പരിക്കേറ്റു പുറത്തായ മത്സരമടക്കം കഴിഞ്ഞ മൂന്നു കളികളിലും ബ്രസീൽ തോൽവി വഴങ്ങി. താരത്തിന്റെ അഭാവം ടീമിനെ എത്രത്തോളം ബാധിക്കുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

നെയ്‌മർക്ക് രണ്ടാമത്തെ കോപ്പ അമേരിക്ക ടൂർണമെന്റാണ് പരിക്ക് കാരണം നഷ്‌ടമാകുന്നത്. ഇതിനു മുൻപ് 2019ൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ നെയ്‌മർ പരിക്ക് കാരണം കളിച്ചിരുന്നില്ലെങ്കിലും ബ്രസീൽ കിരീടം സ്വന്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ കോൺകാഫ് മേഖലയിൽ നിന്നുള്ള ടീമുകളടക്കം ഉള്ളതിനാൽ ബ്രസീലിനു കാര്യങ്ങൾ ഒട്ടും എളുപ്പമാകില്ലെന്നുറപ്പാണ്.

You Might Also Like