നെയ്‌മർക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തണം, പ്രതിഫലം കുറക്കാൻ തയ്യാറായി ബ്രസീലിയൻ താരം

ആറു വർഷങ്ങൾക്ക് മുൻപ് വിവാദങ്ങൾ ഉയർത്തിയ ട്രാൻസ്‌ഫറിലാണ് നെയ്‌മർ ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. ലയണൽ മെസിക്ക് ശേഷം ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാകുമെന്ന് പ്രതീക്ഷിച്ച നെയ്‌മർ പക്ഷെ മെസിയുടെ നിഴലിൽ നിന്ന് മോചിതനായി ലോകഫുട്ബോളിൽ ഉയരങ്ങളിൽ എത്തുന്നതിനു വേണ്ടി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറുകയായിരുന്നു.

പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മർക്ക് അവിടത്തെ നാളുകൾ അത്ര സുഖകരമായ ഒന്നായിരുന്നില്ല. മികച്ച പ്രകടനം നടത്തിയെങ്കിലും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ കഴിയാത്തതും കളിക്കളത്തിലും പുറത്തും വിവാദനായകനായി മാറിയതും നെയ്‌മർക്ക് തിരിച്ചടിയായി. അതുകൊണ്ടെല്ലാം ആരാധകർക്ക് അപ്രിയനായി മാറിയ നെയ്‌മറെ ക്ലബിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ട് അവർ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.

ആരാധകർ തന്റെ വീടിനു മുന്നിലടക്കം പ്രതിഷേധം നടത്തിയതിനാൽ സമ്മറിൽ പിഎസ്‌ജി വിടാനാണ് നെയ്‌മറും ഒരുങ്ങുന്നത്. ഏതു ക്ലബ്ബിലേക്ക് ചേക്കേറണമെന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ക്ലബ് താരത്തോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാനാണ് നെയ്‌മർ ആഗ്രഹിക്കുന്നത്. ഇതിനായി തന്റെ പ്രതിഫലം കുറക്കാൻ വരെ താരം തയ്യാറാണെന്നാണ് റിപ്പോർട്ടുകൾ.

നെയ്‌മർ തങ്ങളുടെ പദ്ധതികളിൽ ഇല്ലെന്നാണ് സാവി മുൻപ് താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കുമ്പോൾ വ്യക്തമാക്കിയത്. എന്നാൽ താരത്തെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ബാഴ്‌സലോണ ബോർഡിൽ തന്നെ റാൻഡ് അഭിപ്രായങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ താരത്തെ ബാഴ്‌സയ്ക്ക് തിരികെ നൽകാൻ പിഎസ്‌ജി തയ്യാറാകുമോ എന്ന് സംശയമാണ്. അതിനു പുറമെ എൻറിക്വ പരിശീലകനായി എത്തിയാൽ നെയ്‌മർ പിഎസ്‌ജിയിൽ എത്താനുള്ള സാധ്യതയുണ്ട്.

You Might Also Like