ഒരു പ്രതിഭയുടെ അവസാനമോ, നെയ്‌മർ സൗദി അറേബ്യൻ ലീഗിലേക്കെന്നുറപ്പായി

പിഎസ്‌ജി വിടുന്ന ബ്രസീലിയൻ സൂപ്പർതാരം നെയ്‌മർ ജൂനിയർ സൗദി അറേബ്യയിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികെ. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലുമായി നെയ്‌മറും താരത്തിന്റെ ക്ലബായ പിഎസ്‌ജിയും ട്രാൻസ്‌ഫർ സംബന്ധിച്ച് തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ഇനി ട്രാൻസ്‌ഫർ നടപടിക്രമങ്ങൾ പൂർത്തിയായാൽ ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയ നെയ്‌മർ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാകും എന്നാണു പ്രതീക്ഷിച്ചതെങ്കിലും അതല്ല സംഭവിച്ചത്. പരിക്കും മൈതാനത്തും പുറത്തുമുള്ള വിവാദങ്ങളും ക്ലബ് നേതൃത്വത്തിനും ആരാധകർക്കും നെയ്‌മർ പ്രിയങ്കരനല്ലാതായി മാറാൻ കാരണമായി. കഴിഞ്ഞ സീസണിൽ താരത്തിന്റെ വീടിനു മുന്നിൽ ആരാധകർ പ്രതിഷേധം നടത്തിയതോടെ നെയ്‌മർ ക്ലബ് വിടാൻ തീരുമാനിക്കുകയും ചെയ്‌തു.

നെയ്‌മർ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അവരുടെ സാമ്പത്തിക പ്രതിസന്ധികൾ അതിനു തടസമായി നിന്നു. താരം പിഎസ്‌ജി വിടുമെന്ന് ഉറപ്പായതോടെയാണ് അൽ ഹിലാൽ ഓഫറുമായി വന്നത്. താരത്തിനായി തൊണ്ണൂറു മില്യൺ യൂറോയോളം ട്രാൻസ്‌ഫർ ഫീസായി നൽകുമെന്നാണ് റിപ്പോർട്ടുകൾ. അതിനു പുറമെ സീസണിൽ 160 മില്യൺ യൂറോ താരത്തിന് പ്രതിഫലമായും ലഭിക്കും.

റിപ്പോർട്ടുകൾ പ്രകാരം രണ്ടു വർഷത്തെ കരാറാണ് നെയ്‌മർ അൽ ഹിലാലുമായി ഒപ്പിടുക. നിലവിൽ തന്നെ കൂളിബാളി, റൂബൻ നെവാസ്, മിലിങ്കോവിച്ച് സാവിച്ച്, മാൽക്കം എന്നീ താരങ്ങളെ ടീമിലെത്തിച്ച അൽ ഹിലാൽ നെയ്‌മറെക്കൂടി സ്വന്തമാക്കിയാൽ സൗദിയിലെ ഏറ്റവും മികച്ച ടീമായി അവർ മാറുമെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം നെയ്‌മറുടെ ഈ തീരുമാനം വളരെ നേരത്തേയായെന്നാണ് ആരാധകരുടെ അഭിപ്രായം.

You Might Also Like