ബ്രസീലിയൻ സുൽത്താന്റെ കോപ്പ അമേരിക്ക മോഹം പൊലിയുന്നു, നെയ്‌മർ ടൂർണമെന്റ് കളിച്ചേക്കില്ല

ജൂൺ, ജൂലൈ മാസങ്ങളിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീലിന്റെ സൂപ്പർതാരം നെയ്‌മർ ജൂനിയർ കളിക്കാൻ സാധ്യത കുറവാണെന്ന് റിപ്പോർട്ടുകൾ. ഏതാനും മാസങ്ങളായി പരിക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മർ ടൂർണമെന്റിന് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധ്യതയില്ലെന്ന് ബ്രസീലിൽ നിന്നുള്ള വിവിധ മാധ്യമങ്ങളാണ് റിപ്പോർട്ടു ചെയ്യുന്നത്.

നിലവിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിന്റെ താരമാണ് നെയ്‌മർ ജൂനിയർ. അവർക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കെയാണ് താരത്തിന് ഗുരുതരമായി പരിക്കേൽക്കുന്നത്. അതിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരം പരിക്കിൽ നിന്നും പൂർണമായി മുക്തനാവാൻ ജൂലൈ ആകുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങിനെയെങ്കിൽ താരത്തിന് ടൂർണമെന്റ് നഷ്‌ടമാകും.

കോപ്പ അമേരിക്ക ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നെയ്‌മർക്ക് വലിയ തിരിച്ചടി തന്നെയാണ്. മുപ്പത്തിരണ്ടുകാരനായ താരത്തിന് ഇനിയൊരു കോപ്പ അമേരിക്കയിൽ പങ്കെടുക്കാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടു തന്നെ ഇതുവരെ കോപ്പ അമേരിക്ക കിരീടം നേടിയിട്ടില്ലാത്ത നെയ്‌മർക്ക് ഇത് അവസാന അവസരമാണ്. അപ്പോഴാണ് പരിക്കിന്റെ ഭീഷണി വിടാതെ പിന്തുടരുന്നത്.

ഇതിനു മുൻപ് 2019ലെ കോപ്പ അമേരിക്ക ടൂർണമെന്റ് പരിക്ക് കാരണം നെയ്‌മർക്ക് നഷ്‌ടമായിരുന്നു. ആ കിരീടം ബ്രസീൽ സ്വന്തമാക്കുകയുമുണ്ടായി. ദേശീയ ടീമിനൊപ്പം വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാൻ കഴിയാത്ത നെയ്‌മർക്ക് അതിനുള്ള അവസരമായിരുന്നു കോപ്പ അമേരിക്ക. എന്നാൽ പ്രതിഭയുള്ള താരത്തിനെ നിർഭാഗ്യം വിടാതെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്.

You Might Also Like