മെസ്സിയെ പൊക്കണ്ട; ബ്രസീൽ ആരാധകർക്കെതിരെ ആഞ്ഞടിച്ച് നെയ്‌മർ

ലോകത്തെമ്പാടും ആരാധകരുള്ള താരമാണ് ലയണൽ മെസ്സി. വ്യക്തിപരമായ നേട്ടങ്ങൾ ഒന്നൊഴിയാതെ നേടുമ്പോഴും മെസ്സിയുടെ കരിയറിലെ വലിയൊരു വിടവാണ് അർജന്റീനക്കായി നേടാനാവാതെ പോയ നാല് വലിയ ട്രോഫികൾ. നാലുതവണ ലോകകപ്പിലും യൂറോയിലുമായി ഫൈനലുകൾ കളിച്ചിട്ടും നേടാനാവാതെ പോയ ആ വലിയ സ്വപ്നം ഞായറാഴ്ച കോപ്പ ഫൈനലിൽ മെസ്സി നേടട്ടേയെന്ന് പ്രാർത്ഥിക്കുന്നതിൽ തെറ്റുണ്ടോ?


എന്നാൽ ബ്രസീലുകാരാരും അങ്ങനെ ചെയ്യേണ്ടെന്നാണ് അവരുടെ സൂപ്പർതാരം നെയ്‌മർ പറയുന്നത്. രാജ്യമാണ് വലുതെന്നും രാജ്യത്തെ കളിക്കാരെയാണ് പിന്തുണക്കേണ്ടതെന്നുമാണ് നെയ്‌മറുടെ ഭാഷ്യം. ലോകത്തെമ്പാടുമെന്ന പോലെ ബ്രസീലിലെയും മെസ്സി ആരാധകർ താരത്തിന് പിന്തുണയുമായി എത്തിയപ്പോഴാണ് നെയ്‌മറുടെ പ്രതികരണം.

‘ഞാൻ ഒന്നാമതായി ഒരു ബ്രസീലുകാരനാണ്, അതിൽ അഭിമാനിക്കുകയും ചെയ്യുന്നു. ഫുട്ബോളിലോ, ഫാഷൻ രംഗത്തോ, ഓസ്‌കാർ വേദിയിലാണെങ്കിൽ പോലും ബ്രസീലും ബ്രസീലുകാരും ഒന്നാമതെത്താനാണ് യഥാർത്ഥ ബ്രസീലുകാരൻ ആഗ്രഹിക്കേണ്ടത്’- ഇന്‍സ്റ്റഗ്രാമിലൂടെ നെയ്‌മർ ആഞ്ഞടിച്ചു.

നേരത്തെ മെസ്സിയുമായി തനിക്ക് നല്ല സൗഹൃദം ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം കളിക്കളത്തിന് പുറത്തുവച്ചാണ് ഫൈനലിനായി ഇറങ്ങുന്നതെന്ന് നെയ്മർ പറഞ്ഞിരുന്നു. കൂടാതെ ജയിക്കാൻ വേണ്ടിത്തന്നെയാണ് ഇറങ്ങുന്നതെന്ന് മെസ്സിയും, നെയ്‌മറും ഒരുപോലെ അവകാശപ്പെടുകയും ചെയ്‌തു.


ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഞായർ പുലര്‍ച്ചെ 5.30നാണ് ക്ലാസിക് ഫൈനൽ. നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലിനിത് കിരീടം നിലനിർത്താനുള്ള പോരാട്ടമാണെങ്കിൽ, 1993ന് ശേഷം ആദ്യ കിരീടം തേടിയാണ് അർജൻറീന എത്തുന്നത്.

You Might Also Like