സെർജിയോ റാമോസിന് സ്പെയിൻ ടീമിലേക്ക് തിരിച്ചു വരാനുള്ള വാതിലുകൾ തുറന്ന് പുതിയ പരിശീലകൻ

ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളിൽ പ്രധാനിയായിരുന്നു മുൻ റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസ്. പരിക്കു കാരണം കുറച്ചു കാലം സ്പെയിൻ ടീമിൽ നിന്നും പുറത്തിരിക്കേണ്ടി വന്ന സെർജിയോ റാമോസിന് പിന്നീടൊരിക്കലും ടീമിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞിരുന്നില്ല. പിഎസ്‌ജിക്കൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴാണ് എൻറിക് താരത്തെ ലോകകപ്പ് സ്‌ക്വാഡിൽ നിന്നും തഴഞ്ഞത്. ലോകകപ്പിൽ നിന്നും സ്പെയിൻ പുറത്തു പോയതോടെ സെർജിയോ റാമോസിനെ പോലൊരു ലീഡറിന്റെ അസാന്നിധ്യവും അതിനു കാരണമായെന്ന ചർച്ചകളും ഉയർന്നിരുന്നു.

ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിൻ പുറത്തു പോയതോടെ ലൂയിസ് എൻറിക് പരിശീലകസ്ഥാനം ഉപേക്ഷിച്ചിരുന്നു. ഇതോടെ സെർജിയോ റാമോസ് ടീമിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ സംബന്ധിച്ച ചർച്ചകളും ശക്തമായി. പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത ലൂയിസ് ഡി ലാ ഫുവന്റെയും കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വന്നിരുന്നു. ഐഡന്റിറ്റി കാർഡിലെ പ്രായം നോക്കിയല്ല സ്പെയിൻ ടീമിലേക്ക് താൻ താരങ്ങളെ എടുക്കുകയെന്നും റാമോസിന് തിരിച്ചു വരാനുള്ള സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“പ്രായപരിധി നിർബന്ധമുള്ള ടീമുകളെയാണ് ഞാൻ കുറച്ചു കാലമായി പരിശീലിപ്പിക്കുന്നത്. ഇപ്പോൾ എനിക്ക് ഏതു താരത്തെയും തിരഞ്ഞെടുക്കാൻ കഴിയും. ഞാൻ ആർക്കു നേരെയും വാതിലുകൾ അടക്കുന്നില്ല. യുവതാരങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്, അതുപോലെ തന്നെ ടീമിനായി വളരെയധികം നൽകിയ, ഇപ്പോഴും ഏറ്റവുമുയർന്ന പ്രകടനം നടത്തുന്ന താരങ്ങളിലും എനിക്ക് വിശ്വാസമുണ്ട്. ഐഡന്റിറ്റി കാർഡുകൾ നോക്കാൻ ഞാൻ നിൽക്കുന്നില്ല. ഫോമും ഫിറ്റ്നസുമുണ്ടെങ്കിൽ റാമോസിന് ദേശീയ ടീമിലേക്ക് വരാം. ഏതു താരത്തിനും അങ്ങിനെ തന്നെയാണ്.” ലൂയിസ് ഡി ലാ ഫുവന്റെ പറഞ്ഞു.

വമ്പൻ ക്ലബുകളെയൊന്നും പരിശീലിപ്പിച്ച് പരിചയമില്ലെങ്കിലും സ്പെയിൻ ദേശീയ ഫുട്ബോളിൽ ലൂയിസ് ഡി ലാ ഫുവന്റെക്ക് വലിയൊരു അടയാളമുണ്ട്. 2013 മുതൽ സ്പെയിൻ അണ്ടർ 19, അണ്ടർ 21, അണ്ടർ 23 എന്നീ ടീമുകളുടെ പരിശീലകനായി വന്ന അദ്ദേഹത്തിനു അതിനു ശേഷം ഇപ്പോൾ സീനിയർ ടീമിന്റെ ചുമതലയും ലഭിച്ചിരിക്കയാണ്. യുവതാരങ്ങളെ കൃത്യമായി അറിയാം എന്നതിനാൽ തന്നെ തന്റെ പദ്ധതിക്ക് അനുസൃതമായ ടീമിനെ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിയും. സ്പെയിൻ അണ്ടർ 19, അണ്ടർ 21 ടീമുകൾക്കൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒളിമ്പിക്‌സിൽ സ്പെയിൻ ടീമിനെ രണ്ടാം സ്ഥാനത്തും എത്തിച്ചു.

You Might Also Like