കൂനിന്മേൽ കുരു, പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരം കളിക്കില്ലെന്നുറപ്പായി

ഈ ഐഎസ്എൽ സീസൺ മികച്ച രീതിയിൽ തുടങ്ങുകയും സീസണിന്റെ ആദ്യത്തെ പകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു നിൽക്കുകയും ചെയ്‌ത കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയത് തുടർച്ചയായ പരിക്കുകളായിരുന്നു. നിരവധി പ്രധാന താരങ്ങൾ പരിക്കേറ്റു പുറത്തു പോയപ്പോൾ ഒന്നാം സ്ഥാനത്തു നിന്നും ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് വീണു.

അഞ്ചാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫിന് യോഗ്യത നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. പ്ലേ ഓഫിൽ ഒഡിഷ എഫ്‌സിയെ നേരിടാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് പരിക്കിന്റെ തിരിച്ചടികൾ നേരിടുന്നുണ്ട്. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് കളിക്കുമോയെന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. അതിനു പുറമെ ടീമിന്റെ ഫുൾബാക്കായ നവോച്ച സിങ്ങിന് വിലക്കും ലഭിച്ചിരിക്കുകയാണ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ എതിരാളിയെ തലകൊണ്ടിടിച്ചതിനു നവോച്ച സിങ്ങിന് ചുവപ്പുകാർഡ് ലഭിച്ചിരുന്നു. അതിനു ശേഷം നടന്ന രണ്ടു മത്സരങ്ങളിൽ താരം പുറത്തിരുന്നു. കഴിഞ്ഞ ദിവസം എഐഎഫ്എഫ് നവോച്ച സിങ്ങിന് മൂന്നു മത്സരങ്ങളിൽ വിലക്കുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് താരത്തിന് പ്ലേ ഓഫ് മത്സരം നഷ്ടമാകുമെന്ന് ഉറപ്പായത്.

ഐബാൻ പരിക്കേറ്റു പുറത്തു പോയതോടെ ടീമിൽ സ്ഥിരസാന്നിധ്യമായ നവോച്ച സിങ് മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ഐബാൻ പ്ലേ ഓഫ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഉണ്ടെങ്കിലും മാസങ്ങളോളം പുറത്തിരുന്ന താരത്തെ കളിപ്പിക്കാൻ കഴിയുമോയെന്ന് സംശയമാണ്. അതുകൊണ്ടു തന്നെ ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് മികച്ചൊരു താരമില്ലാത്തത് ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിൽ വലിയൊരു തിരിച്ചടിയാണ്.

You Might Also Like