ഇവാന്റെ പാത പിന്തുടരാൻ താരങ്ങൾ, ബ്ലാസ്റ്റേഴ്‌സ് വിടാൻ സാധ്യതയുള്ളത് നിരവധി പേർ

Image 3
ISL

ഇവാൻ വുകോമനോവിച്ച് അപ്രതീക്ഷിതമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് നിന്നും ഇറങ്ങിയത്. തുടർച്ചയായ മൂന്നു സീസണുകളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലേക്ക് നയിച്ച ഇവാന് കീഴിൽ ഒരു സിസ്റ്റം തന്നെ ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കിയെടുത്തിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ടീം വിടുമ്പോൾ ആ പാത പല താരങ്ങളും പിന്തുടരാനുള്ള സാധ്യതയുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഇവാന്റെ പദ്ധതികളിൽ പ്രധാനിയായ വിദേശതാരങ്ങൾ ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്. അതിലെ ഒന്നാമത്തെ പേര് ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയുടേത് തന്നെയാണ്. ഇവാൻ പരിശീലകനായ മൂന്നു സീസണുകളിലും ടീമിന്റെ നെടുന്തൂണായിരുന്ന അഡ്രിയാൻ ലൂണയെ സ്വന്തമാക്കാൻ എഫ്‌സി ഗോവ ഓഫർ മുന്നോട്ടു വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മറ്റൊരു പ്രധാന താരം ടീമിന്റെ സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ് ആണ്. രണ്ടു സീസണുകളായി ടീമിനായി ഗോളുകൾ അടിച്ചു കൂട്ടുന്ന താരം കൂടുതൽ പ്രതിഫലമുള്ള പുതിയ കരാർ ആവശ്യപ്പെട്ടു നിൽക്കുകയാണ്. ഇപ്പോൾ ഇവാൻ വുകോമനോവിച്ച് ടീം വിട്ട സാഹചര്യത്തിൽ അദ്ദേഹം മറ്റു ക്ലബുകളുടെ ഓഫർ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

പ്രതിരോധതാരമായ മാർകോ ലെസ്‌കോവിച്ച് ടീം വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യയിൽ തുടരാൻ താല്പര്യമില്ലാത്ത ലെസ്‌കോ ഇവാൻ പോകുന്നതോടെ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നതിൽ സംശയമില്ല. കളിക്കാരെ നന്നായി കൈകാര്യം ചെയ്യാനറിയുന്ന പരിശീലകനാണ് ഇവാണെന്നതിനാൽ മറ്റു താരങ്ങളും ഇവരുടെ പാത പിന്തുടരാൻ വലിയ സാധ്യതയുണ്ട്.