ഇവാന് പകരക്കാരൻ ഐഎസ്എല്ലിൽ നിന്നല്ല, ജർമൻ പരിശീലകനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു

Image 3
ISL

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് പകരക്കാരൻ ആരായിരിക്കുമെന്നാണ് ആരാധകർ മുഴുവൻ ഉറ്റു നോക്കുന്നത്. അപ്രതീക്ഷിതമായി ടീമിൽ നിന്നും പടിയിറങ്ങിയ ഇവാൻ വുകോമനോവിച്ചിന് പകരക്കാരനെ സ്വന്തമാക്കുമ്പോൾ ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരാളായിരിക്കണം അതെന്ന കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിന് കഴിയില്ല.

നേരത്തെ എഫ്‌സി ഗോവ പരിശീലകനായ മനോലോ മാർക്വസിന്റെ പേരാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നത്. എന്നാൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കില്ലെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു ഐഎസ്എൽ പരിശീലകൻ ആയിരിക്കില്ല ബ്ലാസ്റ്റേഴ്‌സിൽ എത്തുകയെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയിൽ പുറത്തു വരുന്ന ഒരു അഭ്യൂഹമാണ് ജർമൻ പരിശീലകനായ മാർക്കസ് ബാബേലിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുണ്ടെന്നത്. ജർമൻ ലീഗിലെ നിരവധി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം അവസാനം ഓസ്‌ട്രേലിയൻ ക്ലബായ വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സിലാണ് ഉണ്ടായിരുന്നത്. 2020നു ശേഷം ഒരു ക്ലബ്ബിന്റെയും പരിശീലകസ്ഥാനം അദ്ദേഹം ഏറ്റെടുത്തിട്ടില്ല.

അൻപത്തിയൊന്നുകാരനായ ബാബേലിന് ഒരു കളിക്കാരനെന്ന നിലയിൽ വമ്പൻ നേട്ടങ്ങൾ സ്വന്തമായുണ്ട്. ബയേൺ മ്യൂണിക്ക്, ലിവർപൂൾ എന്നിവർക്കൊപ്പം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ജർമനിക്കൊപ്പം യൂറോ കപ്പും നേടി. എന്നാൽ ഒരു പരിശീലകനെന്ന നിലയിൽ കാര്യമായ നേട്ടങ്ങളൊന്നും അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.