ആവേശപൂർവം എത്തിയവർ നിരാശപ്പെടുത്തി, രണ്ടു താരങ്ങളെ ഒഴിവാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

Image 3
ISL

ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിൽ പരിശീലകനായി ഉണ്ടാകില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെ വലിയൊരു അഴിച്ചുപണിക്കാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഒരുങ്ങുന്നതെന്നു വേണം കരുതാൻ. നിരവധി താരങ്ങൾ ടീമിൽ നിന്നും പുറത്തു പോകുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. അതിൽ പ്രധാനികളാണ് സീസണിന്റെ തുടക്കത്തിൽ ടീമിലെത്തിച്ച പ്രീതം കോട്ടാലും പ്രബീർ ദാസും.

സഹൽ അബ്ദുൽ സമദിന്റെ നൽകി പ്രീതം കോട്ടാലിനെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ തീരുമാനം ഏറെ കോളിളക്കം ഉണ്ടാക്കിയതാണ്. പ്രീതത്തിന്റെ പരിചയസമ്പത്തും നയിക്കാനുള്ള കഴിവും ടീമിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതൊന്നും സംഭവിച്ചില്ല. സെന്റർ ബാക്കായും റൈറ്റ് ബാക്കായും കളിച്ച താരത്തിന് വമ്പൻ പ്രകടനമൊന്നും ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ നടത്താൻ കഴിഞ്ഞില്ല.

പ്രബീർ ദാസാണ് ഏറെ നിരാശപ്പെടുത്തിയത്. ടീമിന്റെ ഒന്നാം നമ്പർ റൈറ്റ് ബാക്ക് ആകുമെന്ന് പ്രതീക്ഷിച്ച താരം വെറും അഞ്ചു മത്സരങ്ങളിൽ മാത്രമാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. അപ്പോഴൊന്നും തിളങ്ങാൻ താരത്തിന് കഴിഞ്ഞില്ല. അവസാനത്തെ മത്സരങ്ങളിൽ ഹോർമിപാമിനെ റൈറ്റ് ബാക്കായി കളിപ്പിച്ച ഇവാൻ പ്രബീർ ദാസിനെ പൂർണമായും തഴയുകയാണുണ്ടായത്.

ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരങ്ങളെ വിറ്റാൽ അതിലൂടെ കുറച്ച് തുക സ്വരൂപിക്കാൻ നേതൃത്വത്തിന് കഴിയും. അതേസമയം പുതിയ പരിശീലകന്റെ പദ്ധതികളിൽ ഇവർക്ക് സ്ഥാനമുണ്ടാകുമോയെന്ന് പറയാൻ കഴിയില്ല. ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കണ്ടെത്തി അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയതിനു ശേഷമാകും ഇവരെ ഒഴിവാക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുക.