സൂപ്പര്‍ താരത്തെ എന്തിന് പുറത്താക്കി, വിശദീകരണവുമായി മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിലെ സൂപ്പര്‍ താരങ്ങളില്‍ ഒരായ ലസിത് മലിംഗയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്‍ കളിക്കാന്‍ തനിയ്ക്ക് താല്‍പര്യമില്ലെന്ന് മലിംഗ ഒരു മാസം മുമ്പേ അറിയിച്ചെന്നും അതിനാലാണ് താരത്തെ ഒഴിവാക്കാന്‍ തീരുമാനമെടുത്തതെന്നും മുംബൈ ഇന്ത്യന്‍ വാര്‍ത്ത കുറിപ്പിലൂടെ വ്യക്തമാക്കി.

ഫ്രാഞ്ചസി ക്രിക്കറ്റില്‍ കളിക്കാന്‍ മലിംഗയ്ക്ക് താല്‍പര്യമില്ലത്രെ. ഐപിഎലില്‍ 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളാണ് മലിംഗ ഇതുവരെ നേടിയത്. ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ലസിത് മലിംഗ.

ഐപിഎലിന്റെ രണ്ടാം സീസണ്‍ മുതല്‍ മുംബൈയുടെ ഭാഗമായിരുന്ന താരം 2018, 2020 സീസണില്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു. 2018ല്‍ ബൗളിംഗ് മെന്ററായി താരം ഫ്രാഞ്ചൈസിയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 2020ല്‍ പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് മലിംഗ യുഎയിലേക്ക് വരാതിരുന്നത്.

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ജമൈക്ക തല്ലാവാസ്, ഗയാന ആമസോണ്‍ വാരിയേഴ്‌സ്, ഖുല്‍ന ടൈഗേഴ്‌സ്, രംഗ്പൂര്‍ റൈഡേഴ്‌സ, മെല്‍ബേണ്‍ സ്റ്റാര്‍സ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ് വിടുന്നതോടെ മറ്റ് ലീഗുകളില്‍ നിന്നും താരം ഇനി അപ്രത്യക്ഷമാകും.

‘കുടുംബവുമായി സംസാരിച്ചു. എല്ലാ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് തോന്നുന്നു. പുതിയ സീസണിന് തയ്യാറെടുക്കുന്ന മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ അവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. കാര്യങ്ങള്‍ അവര്‍ക്ക് മനസിലായി. ഈ അവസരം അംബാനി കുടുംബത്തിന് നന്ദി പറയാന്‍ ഉപയോഗിക്കുന്നു. മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലെ എല്ലാവരോടും എല്ലാ ആരാധകരോടും 12 വര്‍ഷത്തെ മനോഹര നിമിഷങ്ങള്‍ നല്‍കിയതിന് നന്ദി പറയുന്നു’-മലിംഗ പറഞ്ഞു.

‘മുംബൈയ്ക്കൊപ്പം 12 വര്‍ഷം ജീവിച്ചയാളാണ് മലിങ്ക. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. മലിംഗ മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസമാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള യാത്രയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വാങ്കഡെയില്‍ അദ്ദേഹത്തിനായുള്ള ആര്‍പ്പുവിളികളെ ഞങ്ങള്‍ മിസ് ചെയ്യും. എന്നാല്‍ മുംബൈ ആരാധകരുടെ മനസില്‍ അവന്‍ എപ്പോഴും ഉണ്ടാവും’-മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി പറഞ്ഞു.

You Might Also Like