അവിശ്വസനീയ ജയങ്ങളുടെ തമ്പുരാകന്മാര്‍, ഈ മുംബൈയെ നമിക്കാതിരിക്കുന്നതെങ്ങനെ

തേഡ് ഐ-കമാല്‍സ് വരദൂര്‍

എന്തൊരു അപാരമായ അവസാന സ്പെല്‍. ജയിച്ചുവെന്ന് കരുതിയ ഹൈദരാബാദുകാര്‍ വെള്ളം കുടിച്ച് പോയി. ബാറ്റ്‌സ്മാന്മാര്‍ കൈവിട്ട മല്‍സരത്തെ ഒരിക്കല്‍ കൂടി ബൗളര്‍മാര്‍ മുംബൈക്കായി തിരിച്ചു പിടിച്ചു. ഹാര്‍ദിക് പാണ്ഡ്യയെ പോലുള്ള ഫീല്‍ഡര്‍മാരും.
ആദ്യം ബാറ്റ് ചെയ്ത ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് നല്ല തുടക്കം ലഭിച്ചിരുന്നു. പക്ഷേ 150 റണ്‍സ് പോരായിരുന്നു. നായകന്‍ രോഹിത് ശര്‍മയും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ക്വിന്റണ്‍ ഡി കോക്കും തമ്മിലുള്ള ഒന്നാം വിക്കറ്റ് സഖ്യം ശരാശരി വേഗതയില്‍ സ്‌ക്കോര്‍ 55 ലെത്തിച്ചു.

സീസണിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും ഫോമിലേക്കുയരാന്‍ കഴിയാതെ പോയ രോഹിത് രണ്ട് തകര്‍പ്പന്‍ സിക്സറുകളും അതേ ശൈലിയില്‍ രണ്ട് ബൗണ്ടറികളും സ്വന്തമാക്കിയിരുന്നു. മുംബൈ ഫാന്‍സ് നായകനില്‍ നിന്നും വലിയ സ്‌ക്കോര്‍ പ്രതീക്ഷിച്ച ഘട്ടത്തിലായിരുന്നു വിജയ് ശങ്കറിന്റെ പന്തില്‍ ലൂസ് ഷോട്ടിന് ശ്രമിച്ച് അദ്ദേഹം പുറത്തായത്. 25 പന്തില്‍ 32 റണ്‍സുമായി നായകന്‍ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 55 റണ്‍.

ഫോമിലുള്ള സൂര്യകുമാര്‍ യാദവാണ് ഡി കോക്കിന് പിന്തുണ നല്‍കാന്‍ എത്തിയത്. ഒരു സിക്സറും ബൗണ്ടറിയും അടിച്ചായിരുന്നു തുടക്കം. പക്ഷേ നേരിട്ട ആറാം പന്തില്‍ വിജയ് ശങ്കറിന് റിട്ടേണ്‍ ക്യാച്ച്. വേഗത കുറഞ്ഞ പന്തായിരുന്നു ശങ്കര്‍ പായിച്ചത്. അതോടെ സമ്മര്‍ദ്ദമായി. ഡികോക്കിനൊപ്പം ഇഷാന്‍ കിഷന്‍. തട്ടുപൊളിപ്പന്‍ ശൈലിക്കാരനായ യുവതാരത്തിന് പക്ഷേ അഫ്ഗാന്‍ സ്പിന്നര്‍ മുജിബ് റഹ്മാന്‍ അവസരം നല്‍കിയില്ല. 12 റണ്‍സായിരുന്നു സമ്പാദ്യം. അഞ്ച് ബൗണ്ടറികളിലുടെ 40 ലെത്തിയ ഡി കോക്കും അതിനിടെ പുറത്തായപ്പോള്‍ റണ്‍ നിരക്ക് കുത്തനെ താണു.

കിരണ്‍ പൊലാര്‍ഡ് വന്ന് അടി തുടങ്ങിയതോടെയായിരുന്നു സ്‌ക്കോര്‍ പതുക്കെ ഉയരാന്‍ തുടങ്ങിയത്. വിന്‍ഡീസ് നായകന്റെ മൂന്ന് സിക്സറുകള്‍ അപാരമായിരുന്നു. 22 പന്തില്‍ 35 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് (7) പതിവ് ഷോട്ടുകള്‍ക്കായില്ല. ക്രുനാല്‍ മൂന്ന് പന്താണ് നേരിട്ടത്. കൂറ്റന്‍ ഷോട്ടുകള്‍ പിറന്നില്ല. അങ്ങനെ 150 റണ്‍സ്. ഹൈദരാബാദിന്റെ ഒന്നാം നമ്പര്‍ സീമര്‍ ഭൂവനേശ്വര്‍ കുമാര്‍ നാലോവറില്‍ 45 റണ്‍സ് വഴങ്ങിയെങ്കിലും സഹ സീമര്‍ ഖലീല്‍ അഹമ്മദ് കൃത്യത കാത്തു. 24 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ്. മുജീബ് റഹ്മാന്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ റാഷിദ് ഖാന്‍ എന്നത്തെയും പോലെ പിശുക്കനായി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും 22 റണ്‍സ് മാത്രമാണ് അദ്ദേഹം വഴങ്ങിയത്. വിജയ് ശങ്കറിന്റെ മീഡിയം പേസില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീണു.

ഹൈദരാബാദിന്റെ മറുപടിക്കായി നായകന്‍ ഡേവിഡ് വാര്‍ണര്‍ക്കൊപ്പമെത്തിയത് വൃദ്ധിമാന്‍ സാഹയായിരുന്നില്ല. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ. രണ്ട് പേരും ചേര്‍ന്നങ്ങ് പെരുമാറാന്‍ തുടങ്ങിയതോടെ സ്‌ക്കോര്‍ ബോര്‍ഡ് ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയിലായി. ബെയര്‍സ്റ്റോയായിരുന്നു അതിവേഗക്കാരന്‍. ബൗണ്ടറികള്‍ മാത്രം. അതും ട്രെന്‍ ബോള്‍ട്ടിനെതിരെ. മൂന്ന് ബൗണ്ടറികളും പിന്നെ നാല് സിക്സറുകളുമായി ഇംഗ്ലീഷ് താരം ബാറ്റിംഗ് ആഘോഷമാക്കിയപ്പോള്‍ വാര്‍ണറുടെ ജോലി പിന്തുണ മാത്രം.

രോഹിത് ശര്‍മയുടെ തന്ത്രങ്ങള്‍ പാളി. ജസ്പ്രീത് ബുംറ രണ്ടോവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് നല്‍കിയത്. പക്ഷേ ആദം മില്‍നെ ഉള്‍പ്പെടെയുള്ളവര്‍ അടി വാങ്ങി. സ്‌ക്കോര്‍ 67 ല്‍ ബെയര്‍സ്റ്റോ സ്വന്തം പിഴവില്‍ മടങ്ങിയത് മുംബൈക്ക് ആശ്വാസമായി. ക്രൂുനാലിന്റെ പന്തില്‍ സ്വീപ്പ് ഷോട്ടിന് മുതിര്‍ന്ന ബെയര്‍ സ്റ്റോയുടെ കാലുകള്‍ സ്റ്റംമ്പില്‍ പതിച്ചു.

അങ്ങനെ ഹിറ്റ് വിക്കറ്റായി ഫോമിലുള്ള മനീഷ് പാണ്ഡെ വന്നതും പോയതും വേഗതയില്‍. വിജയമുറപ്പാക്കാന്‍ കരുതലോടെ കളിച്ച ഡേവിഡ് വാര്‍ണര്‍ അതിനിടെ 36 ല്‍ റണ്ണൗട്ടായി. യുവതാരങ്ങളായ വിരാത് സിംഗും (11), അഭിഷേക് വര്‍മയും (@) പെട്ടെന്ന് മടങ്ങിയതോടെ തകര്‍ച്ച. പക്ഷേ ക്രുനാലിന്റെ രണ്ട് പന്തുകള്‍ സിക്സറിന് പറത്തി വിജയ് ശങ്കര്‍ പ്രതീക്ഷ കാത്തു.

പതിനാറാം ഓവറില്‍ രോഹിത് തന്റെ മുഖ്യനെ വിളിച്ചു-ബുംറയെ. അഞ്ച് റണ്‍സ് മാത്രം. പിന്നെയെല്ലാം ബൗളര്‍മാര്‍ ചെയ്തു. ബുംറയെയും ബോള്‍ട്ടിനെും ഒരിക്കല്‍ കൂടി നമിക്കുന്നു. 13 റണ്‍സിന് മുംബൈക്ക് ജയമൊരുക്കിയത് ഇവര്‍ തന്നെ

കടപ്പാട്: ചന്ദ്രിക ദിനപത്രം

 

You Might Also Like